
യുഎസുമായി വ്യാപാര ബന്ധമുള്ള 60 രാജ്യങ്ങളുടെ മേൽ തീരുവകൾ ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ അധികാര പരിധി മറികടന്നുവെന്നു ആരോപിച്ചു 25 സംസ്ഥാനങ്ങൾ കോടതിയിൽ പോയി. റിപ്പബ്ലിക്കൻ ഭരണമുളള സംസ്ഥാനങ്ങളൂം അതിൽ ഉൾപ്പെടുന്നു.
യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലാണ് ഇവർ പരാതി നൽകിയത്.
അറുപതു രാജ്യങ്ങളുടെ മേൽ പുതുതായി ചുമത്തിയ 10-12.5% തീരുവ തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ബഹുഭൂരിപക്ഷം ഇനങ്ങൾക്കും തീരുവ ബാധകമായിട്ടുണ്ട്. അവ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു തടയണം എന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. തീരുവ വാങ്ങിക്കഴിഞ്ഞത് തിരിച്ചു നൽകുകയും വേണം.
ട്രംപ് മറ്റു ചില നിയമങ്ങളുടെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന തീരുവകൾ ഫെഡറൽ കോടതികൾ തള്ളിക്കളഞ്ഞിരുന്നു.
1974ലെ വ്യാപാര നിയമത്തിൽ നിന്നു നിർബന്ധിതമായി തൊഴിൽ ചെയ്യിക്കുന്നത് തടയാനുളള 301ആം വകുപ്പ് എടുത്തു പ്രയോഗിച്ചാണ് പുതിയ തീരുവ ചുമത്തിയത്. അതൊരു വെറും നാട്യമാണെന്നു കോടതിയിൽ പോയ സംസ്ഥാനങ്ങൾ വാദിക്കുന്നു. ഫെബ്രുവരിയിൽ സുപ്രീം കോടതി തള്ളിയ തീരുവകൾ വീണ്ടും ചുമത്താൻ മറ്റൊരു പഴുത് കണ്ടെത്തിയതാണ്.
ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പ്രസ്താവനയിൽ പറഞ്ഞു: "പ്രസിഡന്റ് ട്രംപിന്റെ നിയമവിരുദ്ധമായ താരിഫ് കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന കുടുംബങ്ങളുടെ മേൽ ചുമത്തുന്ന നികുതിയാണ്. അവ ഗ്രോസറിയുടെയും അവശ്യ വസ്തുക്കളുടെയും ബിൽഡിംഗ് മെറ്റീരിയൽ ഉൾപ്പെടെ നിരവധി ചരക്കുകളുടെയും വില കുത്തനെ ഉയർത്തും."
ഒറിഗൺ അറ്റോണി ജനറൽ ഡാൻ റെയ്‌ഫീൽഡും അതേ വാദം തന്നെ ഉയർത്തി. "ട്രംപിന്റെ നിയമവിരുദ്ധമായ താരിഫുകൾക്കെതിരെ മൂന്നാമത്തെ തവണയാണ് ഞങ്ങൾ കേസ് കൊടുക്കുന്നത്. കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ട്രംപ് ഒരിക്കൽ കൂടി ഭാരം കൂട്ടുകയാണ്. അതു കൊണ്ട് ഞങ്ങൾ സംസ്ഥാനങ്ങൾ കൂട്ടായി അതിനെ നേരിടുന്നു."
എന്നാൽ 301ആം വകുപ്പ് 'നിലനിൽക്കുന്ന ആയുധ'മാണെന്നു വൈറ്റ് ഹൗസ് പറയുന്നു.
ന്യൂ യോർക്കിനും ഒറിഗണിനും പുറമെ കേസിൽ ചേർന്ന സംസ്ഥാനങ്ങൾ ഇവയാണ്: അരിസോണ, കലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കറ്റ്, ഡെലവെയർ, ഹവായ്, ഇല്ലിനോയ്, കെന്റക്കി, മാസച്യുസെറ്സ്, മെരിലാൻഡ്, മിഷിഗൺ, മെയ്ൻ, മിനസോട്ട, നെവാഡ, ന്യൂ ജേഴ്‌സി, ന്യൂ മെക്സിക്കോ, നോർത്ത് കരളിന, പെൻസിൽവേനിയ, റോഡ് ഐലൻഡ്, വിർജീനിയ, വെർമണ്ട്, വാഷിംഗ്‌ടൺ, വിസ്കോൺസിൻ.
25 states challenge Trump's Section 301 tariffs