Image

ന്യൂ യോർക്കിൽ ടിബറ്റൻ രക്തസാക്ഷി ലോബ്‌ഗ രംഗ്സന്റെ ഓർമ പുതുക്കി (പിപിഎം)

Published on 04 August, 2026
ന്യൂ യോർക്കിൽ ടിബറ്റൻ രക്തസാക്ഷി  ലോബ്‌ഗ രംഗ്സന്റെ  ഓർമ പുതുക്കി (പിപിഎം)

ചൈനീസ് അധിനിവേശത്തിൽ പീഡനം അനുഭവിക്കുന്ന ടിബറ്റൻ ജനതയുടെ മോചനം ആവശ്യപ്പെട്ടു യുഎൻ ആസ്ഥാനത്തിനു സമീപം തീകൊളുത്തി മരിച്ച ലോബ്‌ഗ രംഗ്സന്റെ ഓർമ പുതുക്കാൻ  ന്യൂ യോർക്ക് സിറ്റിയിൽ  നൂറു കണക്കിനാളുകൾ പങ്കെടുത്ത കാൻഡിൽ ലൈറ്റ് വിജിൽ നടത്തി.

രംഗ്സന്റെ മരണം നടന്നു 30 ദിവസമെത്തിയ ശനിയാഴ്ച്ച ഒത്തുകൂടിയവർ ടിബറ്റിലെ ചൈനീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. ദിവസം മുഴുവൻ നീണ്ട അനുസ്‌മരണം ടിബറ്റൻ നാഷനൽ കോൺഗ്രസാണ് സംഘടിപ്പിച്ചത്.

ടിബറ്റിനു വേണ്ടി എന്നും ശബ്ദം ഉയർത്തിയിട്ടുള്ള പ്രമുഖ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ പങ്കെടുത്തു. രംഗ്സന്റെ ആത്മത്യാഗം അടിയുറച്ച അർപ്പണത്തിൽ നിന്ന് ഉണ്ടായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന പുതുതായി കൊണ്ടുവന്ന മർദക നിയമങ്ങളെ പങ്കെടുത്തവർ അപലപിച്ചു.

ബ്രൂക്ലിൻ ബ്രിജ് മുതൽ ടൈംസ് സ്‌ക്വയർ വരെ സാഷ്ടാംഗ നമസ്കാരം അർപ്പിച്ചാണ് ടിബറ്റൻ വംശജർ പങ്കെടുത്തത്.  ചൈനീസ് ഭരണത്തിനെതിരെ ആത്മാഹൂതി നടത്തിയിട്ടുള്ള 171 പേരെ ഓർമിച്ചു സ്റ്റുഡന്റസ് ഫോർ ഫ്രീ ടിബറ്റ് എന്ന സംഘടന പ്രകടനം നടത്തി.  

സന്ധ്യ മയങ്ങുന്ന നേരത്തു മൗനം ആചരിച്ചു നൂറുകണക്കിനാളുകൾ മെഴുതിരികൾ ഏന്തി ടൈംസ് സ്‌ക്വയറിൽ നിന്നു യുഎൻ ആസ്ഥാനത്തേക്കു മാർച്ച് ചെയ്തു. അവർ വെള്ളത്തുണി കൊണ്ടു വായ് മൂടിക്കെട്ടിയിരുന്നു. ടിബറ്റിലെ അടിച്ചമർത്തലും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനവുമാണ് വിഷയമെന്നു അവർ വിശദീകരിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അനുസ്മരണം നടന്നുവെന്നു റിപ്പോർട്ടുകളുണ്ട്. ദലൈ ലാമ ജീവിക്കുന്ന ഇന്ത്യയിലെ ധരംശാലയിലും രംഗ്സനെ അനുസ്മരിച്ചു.

Candlelight vigil held in memory of Lobga Rangzen

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക