Image

യുവജന സമ്മേളനത്തിൽ വിവേക് രാമസ്വാമിക്കു കൂക്കിവിളി; പ്രസംഗം പകുതിക്കു നിർത്തി (പിപിഎം)

Published on 04 August, 2026
യുവജന സമ്മേളനത്തിൽ വിവേക് രാമസ്വാമിക്കു കൂക്കിവിളി; പ്രസംഗം പകുതിക്കു നിർത്തി (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമിയെ പാർട്ടിയുമായി ബന്ധപ്പെട്ട യുവജന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചതിനെ തുടർന്ന് അദ്ദേഹത്തിനു വേദി വിട്ടു പോകേണ്ടി വന്നു. പാർട്ടിയുടെ യാഥാസ്ഥിതിക വിഭാഗങ്ങളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പു രാമസ്വാമി നേരിടുന്നു എന്ന സൂചനയാണിത്.  

രണ്ടു പതിറ്റാണ്ടായി റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ഒഹായോവിൽ ഇക്കുറി പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള രാമസ്വാമി നേരിടുന്നത് കടുത്ത മത്സരമാണ്. ഡെമോക്രാറ്റ് ആമി ആക്ടൺ ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ ഇസ്രയേൽ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളിൽ രാമസ്വാമി പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പു നേരിടുന്നു. അദ്ദേഹത്തിനെതിരെ വംശീയ ആക്രമണവും നടക്കുന്നുണ്ട്. 

സിൻസിനാറ്റിയിൽ യംഗ് അമേരിക്കൻസ് ഫോർ ലിബർട്ടി എന്ന സംഘടനയുടെ നാഷനൽ കൺവെൻഷനിൽ 30 മിനിറ്റ് സംസാരിക്കാൻ എത്തിയ രാമസ്വാമി 14 മിനിറ്റായപ്പോൾ കടുത്ത എതിർപ്പു മൂലം വേദി വിടേണ്ടി വന്നു. പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ട്രംപിനെതിരെ പ്രൈമറികളിൽ മത്സരിച്ചിട്ടുള്ള രാമസ്വാമിയെ യുവാക്കൾ നിരന്തരം തടസപ്പെടുത്തുകയും കൂക്കി വിളിക്കയും ചെയ്തു.

ചെറുത്തു നിൽക്കാൻ രാമസ്വാമി ശ്രമിച്ചെങ്കിലും നടന്നില്ല. "നിങ്ങൾക്കു പ്രസംഗിക്കണോ?" അദ്ദേഹം അവരോടു ചോദിച്ചു. "അവർ അനുവദിച്ചാൽ ആവാം. അതുവരെ അവിടെ ഇരിക്കുക."

ക്യാപിറ്റലിസത്തെ വാഴ്ത്തിയ രാമസ്വാമിക്കു കൈയ്യടി കിട്ടിയിരുന്നു. പ്രകോപനമായത് പ്രസംഗം തുടരുമ്പോൾ അദ്ദേഹം നടത്തിയ വിമർശനമാണ്. "എന്റെ തലമുറ നേട്ടമുണ്ടാക്കി, ഞങ്ങൾക്ക്‌ കുഴപ്പമൊന്നുമില്ല. നിങ്ങളാണ് അനുഭവിക്കാൻ പോകുന്നത്" എന്നദ്ദേഹം പറഞ്ഞപ്പോൾ സദസിൽ നിന്ന് അശ്‌ളീല വർഷം തന്നെയുണ്ടായി. 

പ്രൈമറികളിൽ മത്സരിക്കുമ്പോൾ യുഎസ് കമ്പനികൾക്കു കൂടുതൽ ഇഷ്ടം വിദേശ ജീവനക്കാരെയാണ് എന്നു പറഞ്ഞതിനു രാമസ്വാമി വിമർശനം നേരിട്ടിരുന്നു.

തിരഞ്ഞെടുപ്പ് സർവേകളിൽ ആക്ടൺ നേരിയ ലീഡ് നേടിയിട്ടുണ്ട്.

Vivek Ramaswamy booed, forced to quit stage

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക