Image

എസ്‌ബിഐ മാനേജറെ മർദിച്ച കേസിൽ കരുണാനിധിയുടെ ചെറുമകൾ കയൽവിഴി അറസ്റ്റിൽ

Published on 29 July, 2026
എസ്‌ബിഐ മാനേജറെ മർദിച്ച കേസിൽ കരുണാനിധിയുടെ ചെറുമകൾ കയൽവിഴി അറസ്റ്റിൽ

ചെന്നൈ: മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളും ഡിഎംകെ സ്ഥാപക നേതാവ് എം. കരുണാനിധിയുടെ പേരക്കുട്ടിയുമായ കയൽവിഴി അഴഗിരിയെ എസ്‌ബിഐ ശാഖാ മാനേജറെ മർദിച്ചെന്ന കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

ജൂലൈ 28ന് ഹാജരാകാൻ പൊലീസ് സമൻസ് നൽകിയതിനെ തുടർന്ന് കയൽവിഴി ബുധനാഴ്ച ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷത്തിൽ താഴെ ശിക്ഷ മാത്രമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും നഗരത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് പൊലീസിനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചിട്ടുണ്ട്.

ജൂലൈ 20ന് അടയാറിലെ എസ്‌ബിഐ എൻആർഐ ശാഖയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ബാങ്ക് ശാഖ പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ശാഖാ മാനേജർ ഹർഷിൻ സിങ് ഇത് പരിഹരിക്കാൻ കെട്ടിടത്തിന്‍റെ പരിപാലന ചുമതലയുള്ളവരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അദ്ദേഹം നേരിട്ട് കയൽവിഴിയെ വിവരം അറിയിക്കുകയായിരുന്നു.

ഇതിനെത്തുടർന്ന് ബാങ്കിലെത്തിയ കയൽവിഴിയും മാനേജറും തമ്മിൽ ലിഫ്റ്റ് അറ്റകുറ്റപ്പണിയെ ചൊല്ലി വാക്കേറ്റമുണ്ടായി. ഈ തർക്കത്തിനിടെ കയൽവിഴി മാനേജറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എസ്‌ബിഐ റീജിയണൽ ബിസിനസ് ഓഫീസ് രണ്ടിലെ ചീഫ് മാനേജർ നാമചിവായം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടയാർ പൊലീസ് കയൽവിഴിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക