
ന്യൂഡല്‍ഹി ; രാജ്യത്ത് നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായി കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പൊതുപരീക്ഷാ ഭേദഗതി ബില്‍, 2026 ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടി വന്ന നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ അടിയന്തര ഭേദഗതി നിയമനിര്‍മ്മാണം സഭയില്‍ കൊണ്ടുവന്നത്.
ലോക്സഭ കടന്ന ബില്‍ ഇനി രാജ്യസഭയുടെ അംഗീകാരത്തിന് ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഒപ്പുവെക്കലിനായി സമര്‍പ്പിക്കുക.ജയിൽ ശിക്ഷ കടുപ്പിക്കുക, പിഴത്തുക വർദ്ധിപ്പിക്കുക, അന്വേഷണങ്ങൾക്കും വിചാരണകൾക്കും കൃത്യമായ സമയപരിധി നിശ്ചയിക്കുക എന്നിവയാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.
2024-ലെ നിയമവുമായി താരതമ്യം ചെയ്യുമ്പോൾ ഭേദഗതി ബില്ലിൽ കൊണ്ടുവന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇനി പറയുന്നവയാണ്.
വ്യക്തികൾക്കുള്ള തടവുശിക്ഷയിലും പിഴയിലും വന്നിട്ടുള്ള മാറ്റങ്ങൾ
മത്സരപരീക്ഷകളിൽ ക്രമക്കേടുകളോ തട്ടിപ്പുകളോ നടത്തുന്ന വ്യക്തികൾക്കുള്ള തടവുശിക്ഷയിലും സാമ്പത്തിക പിഴയിലും വൻ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. 2024-ലെ നിയമപ്രകാരം തട്ടിപ്പ് നടത്തുന്ന വ്യക്തികൾക്ക് 3 മുതൽ 5 വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ വരെ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ പുതിയ 2026 ഭേദഗതി ബില്ലിൽ കുറഞ്ഞ തടവുശിക്ഷ 5 വർഷമായി ഉയർത്തി. പരമാവധി ശിക്ഷ 10 വർഷം വരെ ലഭിക്കാം.
കൂടാതെ, പിഴ തുക 5 ഇരട്ടിയാക്കി പരമാവധി 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. അതേസമയം കേസിൽ ഉൾപ്പെടുന്ന പരീക്ഷാർത്ഥികളെ മുൻ നിയമത്തിലെന്നപോലെ തന്നെ ശിക്ഷാ നടപടികളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പർ അച്ചടി, സാങ്കേതിക സഹായം എന്നിവ നിർവ്വഹിക്കുന്ന സേവനദാതാക്കളായ ഏജൻസികൾ തട്ടിപ്പിൽ പങ്കാളികളായാൽ നേരിടേണ്ടി വരുന്ന നടപടികളിലും കാതലായ മാറ്റമുണ്ട്. 2024 നിയമപ്രകാരം അഴിമതിയിൽ പങ്കാളികളാകുന്ന ഏജൻസികൾക്ക് പരമാവധി 1 കോടി രൂപ വരെ പിഴയും 4 വർഷത്തെ വിലക്കുമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ 2026-ലെ ഭേദഗതിയിൽ ഏജൻസികൾക്കുള്ള പിഴ തുക 5 കോടി രൂപയായി ഉയർത്തി. ഇതിനുപുറമെ, ഇത്തരം ഏജൻസികളെ പൊതുപരീക്ഷാ ചുമതലകളിൽ നിന്ന് വിലക്കുന്ന കാലയളവ് 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തുകയും ചെയ്തു.