
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) പരിപാലനവും നവീകരണവും ലക്ഷ്യമിട്ട് ഓഗസ്റ്റ് മാസത്തിൽ മൂന്ന് യു.എസ്. സ്പേസ്വാക്ക് ദൗത്യങ്ങൾ നടത്തുമെന്ന് നാസ പ്രഖ്യാപിച്ചു. സൗരോർജ പാനലുകളുടെ നവീകരണം, ആശയവിനിമയ ആന്റിന മാറ്റിസ്ഥാപിക്കൽ, വൈദ്യുതി-ഡാറ്റാ കേബിളുകൾ ബന്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിർണായക ജോലികളാണ് ഈ സ്പേസ്വാക്ക് ദൗത്യങ്ങളിലൂടെ പൂർത്തിയാക്കുക.
വരാനിരിക്കുന്ന സ്പേസ്വാക്ക് ദൗത്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിനായി ജൂലൈ 30-ന് ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ വാർത്താസമ്മേളനം സംഘടിപ്പിക്കും. കൊമേഴ്സ്യൽ ലോ എർത്ത് ഓർബിറ്റ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി മാനേജർ ബിൽ സ്പെച്ച്, സ്പേസ്വാക്ക് ഫ്ലൈറ്റ് ഡയറക്ടർമാരായ ക്രിസ് ഡോബിൻസ്, ക്ലോയി മെഹ്റിംഗ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.
ഓഗസ്റ്റ് 6-ന് നടക്കുന്ന യു.എസ്. സ്പേസ്വാക്ക് 96-ൽ നാസ ബഹിരാകാശ യാത്രികരായ ജെസിക്ക മെയറും അമേരിക്കൻ മലയാളി അനിൽ മേനോനും പങ്കെടുക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 3B പവർ ചാനൽ നവീകരിക്കുന്നതിനുള്ള ഹാർഡ്വെയർ സ്ഥാപിക്കുകയും, ഈ വർഷം അവസാനം എത്തുന്ന ഏഴാമത്തെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ റോൾ-ഔട്ട് സോളാർ അറേ (IROSA) സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യും. പുതിയ സോളാർ അറേ ബഹിരാകാശ നിലയത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനൊപ്പം ഭാവിയിൽ സുരക്ഷിതവും നിയന്ത്രിതവുമായ ഡീഓർബിറ്റ് നടപടികൾക്കും പിന്തുണ നൽകും. രാവിലെ 6.30-ന് (EDT) സ്പേസ്വാക്കിന്റെ തത്സമയ സംപ്രേഷണം ആരംഭിക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ദൗത്യം ഏകദേശം ആറര മണിക്കൂർ നീണ്ടുനിൽക്കും. ജെസിക്ക മെയറിന്റെ ആറാമത്തെയും അനിൽ മേനോന്റെ കരിയറിലെ ആദ്യ സ്പേസ്വാക്കുമാണിത്.
ഓഗസ്റ്റ് 13-ന് നടക്കുന്ന യു.എസ്. സ്പേസ്വാക്ക് 97-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്പേസ്-ടു-ഗ്രൗണ്ട് ആശയവിനിമയ ആന്റിന മാറ്റിസ്ഥാപിക്കും. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്ററും ബഹിരാകാശ നിലയവും തമ്മിലുള്ള അതിവേഗ ഡാറ്റാ കൈമാറ്റത്തിനും ആശയവിനിമയത്തിനും ഈ സംവിധാനം നിർണായകമാണ്.
ഓഗസ്റ്റ് 25-ന് നടക്കുന്ന യു.എസ്. സ്പേസ്വാക്ക് 98-ൽ വൈദ്യുതി ചാനൽ കേബിളുകളും ഡാറ്റാ റിലേ സംവിധാനങ്ങളും ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കും. ഭാവിയിലെ ഡീഓർബിറ്റ് പദ്ധതികളുടെ ഭാഗമായി ആവശ്യമായ പരിപാലന പ്രവർത്തനങ്ങളും ഹാർമണി മോഡ്യൂളിന്റെ മുൻവശത്തുള്ള ഡോക്കിംഗ് നാവിഗേഷൻ ഉപകരണം മാറ്റിസ്ഥാപിക്കുന്ന ജോലിയും ഈ സ്പേസ്വാക്കിൽ ഉൾപ്പെടും.
ഈ മൂന്ന് ദൗത്യങ്ങളോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം, പരിപാലനം, നവീകരണം എന്നിവയ്ക്കായി നടത്തിയ ആകെ സ്പേസ്വാക്കുകളുടെ എണ്ണം 281, 282, 283 ആയി ഉയരും. യു.എസ്. സ്പേസ്വാക്ക് 97-ന്റെയും സ്പേസ്വാക്ക് 98-ന്റെയും സമയം, പങ്കെടുക്കുന്ന ബഹിരാകാശ യാത്രികർ, തത്സമയ സംപ്രേഷണ വിവരങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചു.