Image

ഗ്രീൻ കാർഡ് കിട്ടാൻ സഹായിക്കുന്ന ബിൽ ഡെമോക്രാറ്റിക് സെനറ്റർ അവതരിപ്പിച്ചു (പിപിഎം)

Published on 28 July, 2026
ഗ്രീൻ കാർഡ് കിട്ടാൻ സഹായിക്കുന്ന ബിൽ ഡെമോക്രാറ്റിക് സെനറ്റർ അവതരിപ്പിച്ചു (പിപിഎം)

എച്-1 ബി വിസ ഉള്ളവർ ഉൾപ്പെടെ യുഎസിൽ  ദീർഘകാല താമസക്കാരായ മില്യൺ കണക്കിന് ആളുകൾക്കു സ്ഥിരതാമസത്തിനു ഗ്രീൻ കാർഡ് ലഭ്യമാക്കാനുള്ള ബിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന സെനറ്റർ അലക്സ് പാദിയ (കലിഫോർണിയ) അവതരിപ്പിച്ചു.

1929ലെ  Renewing Immigration Provisions of the Immigration Act എന്ന  കുടിയേറ്റ നിയമം അനുസരിച്ചു ഏഴു വർഷം തുടർച്ചയായി യുഎസിൽ താമസിച്ചവർക്കു സ്ഥിരതാമസത്തിനു അപേക്ഷിക്കാം. 1986നു ശേഷം പുതുക്കാത്ത കുടിയേറ്റ നിയമത്തിലെ ഈ വ്യവസ്ഥ അതിനു പ്രയോജനപ്പെടുത്തിയാൽ 8 മില്യൺ ആളുകൾക്ക് പ്രയോജനം നൽകാൻ  കഴിയുമെന്നു പാദിയ ചൂണ്ടിക്കാട്ടി.

അപേക്ഷകർക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഗ്രീൻ കാർഡിന് ആവശ്യമായ മറ്റെല്ലാ യോഗ്യതകളും ഉണ്ടാവണം. ഡ്രീമേഴ്‌സ്, താത്കാലിക സംരക്ഷിത വിഭാഗങ്ങൾ, ദീർഘകാല വിസ ഉള്ളവരുടെ മക്കൾ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  

തൊഴിലധിഷ്‌ഠിത ഗ്രീൻ കാർഡിനു വർഷങ്ങളോളം കാത്തു നിന്ന അതിവിദഗ്ദ്ധ ജീവനക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കാം. അതിൽ ഉൾപ്പെട്ട എച്-1 ബി വിസക്കാരിൽ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. ഗ്രീൻ കാർഡ് പരിമിതി മൂലം വർഷങ്ങൾ കാത്തു നിൽക്കേണ്ടി വന്നവരാണ് അവർ. 

കഠിനാധ്വാനം ചെയ്യുന്ന കുടിയേറ്റക്കാരോടു ട്രംപ് ഭരണകൂടം കാട്ടുന്ന ക്രൂരത ചെറുക്കാൻ ഒരു വർഷം മുൻപ് താൻ ഈ ബിൽ തയാറാക്കിയതാണെന്നു പാദിയ പറഞ്ഞു. "അതിനു ശേഷം പ്രസിഡന്റ് ട്രംപിന്റെ ഭീതി ഉളവാക്കുന്ന നടപടികൾ കൂടുതൽ ഭീകരമായതേ ഉള്ളൂ. ഈ രാജ്യത്തു ജീവിതം കെട്ടിപ്പടുത്ത കുടിയേറ്റക്കാർ നിരന്തരമായ ഭീഷണിയിലാണ്. കോൺഗ്രസിന് ഇത് അവഗണിക്കാൻ കഴിയില്ല."  

റജിസ്ട്രി എന്നറിയപ്പെടുന്ന ഇമിഗ്രെഷൻ ആൻഡ് നാഷണാലിറ്റി ആക്ട് 249ആം വകുപ്പ് ഭേദഗതി ചെയ്യാനാണ് ബില്ലിലെ നീക്കം. സ്ഥിരതാമസത്തിനു അനുമതി നൽകാനുള്ള അധികാരം അപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്കു ലഭ്യമാവും.

സെനറ്റ് ഡെമോക്രാറ്റിക് വിപ്പ് ഡിക്ക് ഡർബൻ കൂടി ചേർന്നു കൊണ്ടുവരുന്ന ബില്ലിന് 14 സെനറ്റർമാർ സഹ സ്പോണ്സര്മാരായിട്ടുണ്ട്.

കാലിഫോർണിയ റെപ്. സോ ലോഫ്ഗ്രെൻ ആണ് യുഎസ് ഹൗസിൽ ഈ ബിൽ അവതരിപ്പിക്കുക. മുപ്പതിലധികം ലേബർ, ഇമിഗ്രെഷൻ, സിവിൽ റൈറ്സ് സംഘടനകൾ ബില്ലിനു പിന്തുണ നൽകി.

ബില്ലിനു പക്ഷെ കോൺഗ്രസിൽ വിജയം ഉറപ്പൊന്നുമില്ല.

US bill revives green card pathway for H-1B visa holders
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക