
രാജീവൻറെ കയ്യിൽ നിന്നും വാങ്ങിയ കപ്പുമായി സുമ അടുക്കളയിലേക്കു ചെന്നു. അവളുടെ മുഖം വിളറിയിരുന്നു.
'എന്താ കുഞ്ഞേ മുഖം വല്ലാതെ?' പണിക്കാരി തങ്കമ്മ അവളോട് ചോദിച്ചു.
'ഏയ്... '
'കുഞ്ഞു വേണമെങ്കിൽ പോയി കുറച്ചു നേരം ഒന്ന് കിടക്കു... കുഞ്ഞു തന്നെ ആയിട്ട് എന്തിനാ ഇതിനകത്തു ഇങ്ങനെ…. വേറെയും ഉണ്ടല്ലോ ഇവിടെ ആളുകൾ...'
ബീന വീട്ടുപണികളിൽ സഹായിക്കാത്തത് ഉദ്ദേശിച്ചായിരുന്നു തങ്കമ്മയുടെ വാക്കുകൾ. ബീനയെ താഴ്ത്തിക്കെട്ടുന്നത് ആരായാലും അത് സുമയ്ക്കു ഗൂഢമായ ഒരു സന്തോഷo നൽകുന്നതാണ് എന്ന് തങ്കമ്മ മനസ്സിലാക്കിയിരുന്നു. സുമയെ സന്തോഷിപ്പിക്കാനുള്ള ഒരു അവസരവും അവൾ പാഴാക്കിയിരുന്നില്ല; അതൊക്കെ പല വിധ സാധനങ്ങളായും, സഹായങ്ങളായും വസൂലാക്കാൻ അവൾക്കു അറിയാമായിരുന്നു.
പക്ഷേ, ഇന്ന് അതൊന്നും സുമ കേട്ടെന്നു പോലും തോന്നിയില്ല. അവൾ അകത്തേക്കു പോയി.
കാര്യങ്ങൾ കൈവിട്ടു പോകുകയാണോ? വനജയുടെ അപകടം പോലീസ് അന്വേഷിക്കുന്നു എന്നല്ലേ പറഞ്ഞത്? എന്ന് വെച്ചാൽ അതിനു മുൻപുണ്ടായ കാര്യങ്ങളിലേക്കും അന്വേഷണം നീളുമെന്ന് ഉറപ്പ്. അങ്ങനെ ഉണ്ടായാൽ..?
ആ കത്തുകൾ... അങ്ങനെ ഒരു ദുർബുദ്ധി എപ്പോഴാണ് തനിക്കു തോന്നിയത്? ആ കത്തുകൾ അയച്ചത് താനാണെന്ന് ആരെങ്കിലും അറിഞ്ഞാൽ... ഇതുവരെ ഉണ്ടായിരുന്ന മതിപ്പും സ്‌ഥാനവും എല്ലാം തുലയും. പിന്നെ, ജീവിച്ചിരുന്നിട്ട് കാര്യമില്ല.
എന്താണ് ചെയ്യേണ്ടത്?
സുമ നന്നായി ഓർക്കുന്നുണ്ടായിരുന്നു ആ ദിവസം.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അലസമായ ഒരു ദിവസമായിരുന്നു അന്ന്. ഉച്ചയൂണ് കഴിഞ്ഞു, ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ എടുക്കാനായിട്ടാണ്, സ്റ്റെയർകേസുകയറി മുകളിൽ ചെന്നത്. അപ്പോഴാണ് സെൽവനെ കണ്ടത്. ആ പേരമരത്തിൽ പിടിച്ചുകയറി, ടെറസിലേക്കു ചാടി... വനജയുടെ ജോലിക്കാരി സുഭദ്രയുടെ മകൻ... ആള് തരികിട ആണെങ്കിലും, കടയിൽ പോകുക മുതലായ അത്യാവശ്യം സഹായങ്ങൾ ചെയ്തു തരാൻ അവൻ വരാറുണ്ട്. പതിമൂന്നുകാരനായ അവൻ വട്ടചിലവിനുള്ള പണം അങ്ങനെയാണ് കണ്ടെത്തിയിരുന്നത്...
അമ്മയായ സുഭദ്രയെ മുറികൾ വൃത്തിയാക്കാൻ സഹായിക്കാനായി വന്ന് മേശയിൽ നിന്നും പണം മോഷ്ടിച്ചത് വനജ കണ്ടുപിടിച്ച ദേക്ഷ്യത്തിലായിരുന്നു അന്ന് അവൻ.
'ഹോ.. പൈസ ഉണ്ടായിട്ടെന്താ ഇങ്ങനെയുണ്ടോ സ്ത്രീകൾ! പിശുക്കി'
സംഭവം അറിഞ്ഞപ്പോൾ സുഭദ്ര അവനെ പൊതിരെ തല്ലി, വനജയുടെ മുൻപിൽ വെച്ച് തന്നെ.
'ഈ വീട്ടുകാരുടെ ഔദാര്യം കൊണ്ടാ നീയൊക്കെ പട്ടിണി ഇല്ലാതെ ജീവിക്കുന്നത്. അപ്പോഴാ, ഈ കള്ള തിരുമാലി... പൊയ്‌ക്കോണം. ഇനി മേലാൽ എന്നെ കാണാൻ ഇങ്ങോട്ടു വന്നേക്കരുത്- എൻറെ ജോലി കൂടി ഇല്ലാതാക്കാൻ...'
'അവരെ ഞാനൊരു പാഠം പഠിപ്പിക്കും' അവൻ പറഞ്ഞുകൊണ്ടിരുന്നു.
'ഞാനൊരു ഊമക്കത്തു അയക്കും...'
'പോടാ... മണ്ടത്തരം പറയാതെ... അവർ അത് പോലീസിൽ ഏൽപ്പിച്ചാൽ, നീ ഇടികൊണ്ടു ചാകും.'
'ങും... അവർ അത് പോലീസിനെയെന്നല്ല ആരെയും കാണിക്കത്തില്ല. ആ സുന്ദരിക്കോത പിഴയാണെന്നു എഴുതിയാൽ അവർ ആരെയും കാണിക്കത്തില്ല. ഉറപ്പ്.’
‘പോടാ...'
'ആൻറി നോക്കിക്കോ... ' അവൻ സുമയോട് പറഞ്ഞു. ‘അങ്ങനെ ഒരു വേല ഇറക്കിയല്ലിയോ ആ മംഗലത്തെ ഡോക്ടറെയും ഭാര്യയെയും തെറ്റിച്ചത്...'
'എന്ത്? ആര്?'
'അവരുടെ ഡ്രൈവർ..'
'ഡ്രൈവറോ?’ സുമ ചോദിച്ചു. ആ ഡ്രൈവറും അവരും തമ്മിൽ ബന്ധമുണ്ടെന്നുള്ള തെറ്റിദ്ധാരണയാണ് ആ കുടുംബം തകർത്തത് എന്ന് സുമയും കേട്ടതാണ് .
'ങും… അടുപ്പം... ആ ഡ്രൈവർ തന്നെ എഴുതിയതാ… അയാളെ അവിടെ നിന്നും പറഞ്ഞു വിട്ടതിനു...'
‘ഇത് നിനക്ക് എങ്ങനെ അറിയാം?'
'അതൊക്കെ അറിയാം... ദേ ആ ഡോക്ടർ കുടിച്ചു കുടിച്ചു ചാകാറായി.'
'മഹാപാപികളെ...' എന്ന് പറഞ്ഞെങ്കിലും കേട്ടപ്പോൾ രസം തോന്നി. എത്ര എളുപ്പമാണ് ജീവിതങ്ങൾ തകിടം മറിക്കാൻ... തക്കത്തിൽ ഒരു വാക്ക്... നോട്ടം... വേണ്ട, കൺപുരികങ്ങളുടെ ഒരു ചലനം മതി.... എവിടെ, എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണം എന്ന് മാത്രം.
സ്വച്ഛമായ ഓളപ്പരപ്പിലേക്കു ഒരു ചെറിയ കല്ലെടുത്ത് എറിഞ്ഞ് അത് തകർക്കാനുള്ള കൗതുകം.... മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള ദുഷ്ട വാസന. വനജയോട് തോന്നിയിരുന്ന അസൂയ തണുപ്പിക്കാൻ ഒരു ചെറിയ സൂത്രം. സെൽവൻ പറഞ്ഞതുപോലെ ഒരു പാഠം പഠിപ്പിക്കണമെന്നേ കരുതിയുള്ളൂ.... ഒരു ചെറിയ അസ്വാരസ്യം സൃഷ്ടിക്കാമെന്നേ കരുതിയുള്ളൂ. അത്രയേ ഉണ്ടായിരുന്നുള്ളൂ ആ കത്തുകൾ അയക്കുമ്പോൾ.
ദിവസങ്ങൾ അല്ല ആഴ്ചകളും, മാസങ്ങളും കഴിഞ്ഞിട്ടും അങ്ങനെ എന്തെങ്കിലും കത്തിനെക്കുറിച്ചു ആരും ഒന്നും പറഞ്ഞു കേട്ടില്ല. അമ്മച്ചിയോടും പപ്പയോടും എല്ലാം പറയുന്ന സാറാക്കുട്ടി ആൻറി ഒരിക്കൽ പോലും ഊമക്കത്തുകളെ കുറിച്ച് പറഞ്ഞില്ല. രാജുച്ചായനും അങ്ങനെ ഒന്നും കേട്ടതായി പറഞ്ഞില്ല. അല്ല, കേട്ടാലും പറയില്ല... . ഭാര്യയോടുപോലും. അത്രയ്‌ക്കാണ് അവരോടുള്ള കൂറ്.... സുമ പല്ലു കടിച്ചു.
വീണ്ടും താൻ പരാജയപ്പെടുകയാണെന്ന തോന്നൽ… സഹിക്കാനാവാത്തത് അതായിരുന്നു. അവൾ എത്രയോ ഉയരത്തിലാണെന്ന തിരിച്ചറിവ്, തൻറെ ആയുധങ്ങൾക്കു വീഴ്ത്താനാവാത്ത ഉയരത്തിൽ...
എന്ന് കരുതി, ആ കത്തുകൾ അവിടെ കിട്ടിയിട്ടില്ല എന്ന് ഉറപ്പിക്കാൻ ആവില്ല. ഒന്നല്ല, പല കത്തുകൾ അയച്ചിട്ടും ഒന്ന് പോലും കിട്ടിയില്ല എന്ന് വരുമോ? തീർച്ചയായും ഇല്ല. ആ സെൽവൻ പറഞ്ഞതു പോലെ അപകീർത്തികരമായ കാര്യങ്ങൾ പുറത്തറിയരുത് എന്നുകരുതി മറെച്ചുവെച്ചിരിക്കുകയാവും. എത്ര കൃത്യമായിട്ടാണ് അവൻ മനുഷ്യമനസ്സിനെ പഠിച്ചുവെച്ചിരിക്കുന്നത്...
വനജയുടെ നേർക്കുണ്ടായ അക്രമത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുമ്പോൾ ആ കത്തുകളെക്കുറിച്ചും അന്വേഷിക്കാതെയിരിക്കില്ല. ബീനയ്ക്കു വനജയോട് എന്തോ വിരോധം ഉണ്ടെന്നു വിശ്വസിപ്പിക്കാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. എബിയേയും, ഓമന ആൻറിയേയും സഹിതം. പക്ഷേ അതൊന്നും പോലീസ് അന്വേഷണത്തെ തകിടം മറിക്കാൻ മതിയാകും എന്ന് വരില്ല.
ആ കത്തുകൾ...
മേൽവിലാസം ടൈപ് ചെയ്തതും മാസികകളിൽ നിന്നും വെട്ടിയെടുത്ത വാക്കുകൾ ക്രമത്തിൽ ഒട്ടിച്ചു കത്തുകൾ എഴുതിയുണ്ടാക്കിയതും ഇങ്ങനെ ഒരു ആപത്തു മുൻപിൽ കണ്ടുകൊണ്ടല്ലെങ്കിലും നന്നായി. ആ മാസികകൾ തൻറെ സേഫിൽ ഉണ്ട്. അത് കത്തിച്ചു കളയണം, ഇന്ന് തന്നെ. കയ്യിൽ വെച്ചേക്കാൻ പാടില്ല. സുമ എഴുന്നേറ്റു.
സേഫിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന നീണ്ട മഞ്ഞക്കവർ പുറത്തേക്കെടുത്ത സുമ ഞെട്ടിപ്പോയി. ആ കവറിനുള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല.
'നീ ആ മാസികകളാണോ നോക്കുന്നത്?'
രാജുവിൻറെ ശബ്ദം കേട്ട് സുമയ്ക്കു തല കറങ്ങുന്നതു പോലെ തോന്നി. അയാൾ മുറിയിലേക്ക് വന്നത് അവൾ അറിഞ്ഞതേയില്ലയിരുന്നു.
അവൾ ബെഡിലേക്കു കുഴഞ്ഞു വീണു.
Read More: https://www.emalayalee.com/writer/69