
കൊല്ലങ്കോട്(പാലക്കാട്): പല്ലശ്ശനയില്‍ മധ്യവയസ്കന്റെ മൃതദേഹം വീടിനകത്തെ കിടപ്പുമുറിയില്‍ അഴുകിയനിലയില്‍ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടില്‍ പൊന്നന്റെ (57) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പത്തോടെ കണ്ടെത്തിയത്. കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ചപഴക്കമുള്ളതായി പോലീസ് സംശയിക്കുന്നു.
പൊന്നന്റെ ഭാര്യ വസന്ത അസുഖബാധയെത്തുടര്‍ന്ന് അടുത്തിടെയാണ് മരിച്ചത്. മൂത്തമകള്‍ അശ്വതിയെ പെരുവെമ്പിലാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ മകള്‍ അപര്‍ണ കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ നഴ്സ് ആയി ജോലിചെയ്യുകയാണ്.
വീടിന്റെ മുന്‍വാതില്‍ എപ്പോഴും പൂട്ടിയിടുകയും പിന്‍വശത്തുകൂടി മാത്രം പോക്കുവരവ് നടത്തുകയും ചെയ്തിരുന്നതിനാല്‍ പരിസരവാസികളും ശ്രദ്ധിച്ചില്ല. ഇടയ്ക്ക് വീടു പൂട്ടി പൊന്നന് മകളുടെ വീട്ടില്‍ പോകാറുള്ളതിനാല്‍ മരിച്ചത് ആരും അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ചുവന്ന ഒരു ബന്ധു ഏറെ വിളിച്ചിട്ടും വിളികേള്‍ക്കാതായപ്പോള്‍ പരിസരവാസികളുടെ സഹായത്തോടെ പൂട്ട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
മുറിയിലെ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പ് വീടിന്റെ ഭാഗത്തുനിന്നും ദുര്‍ഗന്ധം വന്നിരുന്നുവെങ്കിലും വാമലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പന്നിയോ മറ്റോ ചത്തുകിടക്കുന്നതാകാമെന്നാണ് പരിസരവാസികള്‍ കരുതിയത്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തുന്നതോടെ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.