Image

ലക്ഷ്മിപ്രിയക്കെതിരായ പരാതി: അന്‍സിബ നേരിട്ടെത്തി മൊഴി നല്‍കണം

Published on 27 July, 2026
 ലക്ഷ്മിപ്രിയക്കെതിരായ പരാതി: അന്‍സിബ നേരിട്ടെത്തി മൊഴി നല്‍കണം

 

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ അന്‍സിബ ഹസന്‍ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അടുത്ത മാസം 29ന് ഹാജരാകണമെന്നാണ് അന്‍സിബയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാന്‍ ആവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ തന്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്‍സിബ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26ന് ആണ് അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചാനലിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക