
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജന്തർ മന്തർ ഒഴിപ്പിക്കാൻ നടപടികളുമായി സുരക്ഷാ സേന.
സ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷാ സേന വൻതോതിൽ സമരസ്ഥലത്തേക്ക് നീങ്ങി.
സംഘർഷാവസ്ഥകൾക്ക് അയവുവന്നതോടെ പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാൻ ഡൽഹി പോലീസ് ആവശ്യപ്പെടുകയും, വിദ്യാർത്ഥികൾ സമാധാനപരമായി മടങ്ങുകയും ചെയ്തു. സമരത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ പോലീസ് നിർദ്ദേശപ്രകാരം വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്.
യൂത്ത് ആക്ടിവിസ്റ്റ് അഭിജീത് ദിപ്‌കെ രൂപീകരിച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സത്യാഗ്രഹമിരുന്നതോടെയാണ് ദേശീയ ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി രാജി വെക്കേണ്ടി വരുന്നത് ഇതാദ്യമായാണ്.