
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കടുത്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചു. പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിനെ തുടർന്ന്, നിലവിൽ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി ഉത്തരവിറക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടിയെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തമേറ്റ് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവന്ന വിദ്യാർത്ഥി പ്രതിഷേധം 35-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. രാജിക്ക് പിന്നാലെ സർക്കാർ നടത്തിയ നിർണ്ണായക ചർച്ചയിൽ വിദ്യാർത്ഥി സംഘടന മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ തയ്യാറാവുകയായിരുന്നു.
പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്നും വരുംദിവസങ്ങളിൽ പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കേന്ദ്രം ഉറപ്പുനൽകി. കൂടാതെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സി.ജെ.പി. പ്രതിനിധികൾ വ്യക്തമാക്കി.