Image

എയിംസ്‌ കോട്ടയത്ത്? എവിടെയായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാർ നിലപാട്: കോട്ടയം മെഡിക്കല്‍ കോളജിലും ഇനി രോഗികളെ നിലത്ത് കിടത്തില്ല ; മന്ത്രി മുരളീധരന്‍

Published on 25 July, 2026
എയിംസ്‌ കോട്ടയത്ത്? എവിടെയായാലും  സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാർ  നിലപാട്: കോട്ടയം മെഡിക്കല്‍ കോളജിലും ഇനി രോഗികളെ നിലത്ത് കിടത്തില്ല ; മന്ത്രി മുരളീധരന്‍

കോട്ടയം: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎല്‍എ കെ. ബിനിമോന്‍ അറിയിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്-അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നാണ് മനസിലാകന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല്‍പ്പം. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയില്‍ ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രോഗികളെ നിലത്ത് കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ജൂലൈ 30 മുതല്‍ ഇവിടെ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയം സിഎംഎസ് കോളജില്‍ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

"രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയില്‍ എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മെഡിക്കല്‍ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ആളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തില്‍ ഉണ്ടാകണം" മന്ത്രി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക