
എച്-1ബി വിസ നൽകുന്നത് മൂന്നു വർഷത്തേക്കു നിർത്തി വയ്ക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന ബിൽ റിപ്പബ്ലിക്കൻ സെനറ്റർ ടിം ഷീഹി (മൊണ്ടാന) അവതരിപ്പിച്ചു. ഈ പ്രോഗ്രാം അതിന്റെ യഥാർഥ ലക്ഷ്യങ്ങളിൽ നിന്നു വഴുതി പോയെന്നും ഇപ്പോൾ അത് അമേരിക്കൻ ജീവനക്കാർക്കു ദോഷമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
ദേശരക്ഷയ്ക്കും എച്-1ബി ഭീഷണിയായെന്ന് ചൂണ്ടിക്കാട്ടിയ ഷീഹി കൊണ്ടുവന്ന ബില്ലിനു End H-1B Visa Abuse Act of 2026 എന്നാണു പേര്. 'കഠിനാധ്വാനം ചെയ്യുന്ന' അമേരിക്കൻ ജീവനക്കാർക്കു ഏറ്റവും ഉയർന്ന മുൻഗണന നൽകുന്ന അവസ്ഥയുണ്ടാവണം എന്നാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
വിദേശത്തു നിന്നു വിദഗ്ദ്ധരെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന എച്-1 ബി വിസ വ്യാപകമായി ദുരുപയോഗം ചെയ്തെന്നു സെനറ്റർ ആരോപിക്കുന്നു. അമേരിക്കക്കാർക്ക് ജോലി നിഷേധിക്കാൻ ഇടയാക്കുന്ന വിധം വർക് പെർമിറ്റ് പാടില്ല.
മൂന്നു വർഷം മരവിപ്പിച്ച ശേഷം കർശനമായ വ്യവസ്ഥകളോടെ പ്രോഗ്രാം വീണ്ടും ആരംഭിക്കാം എന്ന് അദ്ദേഹം നിർദേശിക്കുന്നു. പ്രസിഡന്റ് ട്രംപ് നിർദേശിച്ച $100,000 ഫീ നിയമമാക്കാൻ വ്യവസ്ഥയുണ്ട്. നിലവിലുള്ള ലോട്ടറി ഉപേക്ഷിക്കും.
ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ എച്-1 ബി വിസയിൽ വരുന്നവർക്കു സ്ഥിരതാമസത്തിനു അനുമതി നൽകുന്ന ചട്ടം നിർത്തലാക്കുന്നു എന്നതാണ്. എച് ക്ലാസ് വിസക്കാർക്കു ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ല. ഇമിഗ്രന്റ് വിസ ഇല്ലാത്തവർക്കു ജോലി നൽകുന്നതിൽ നിന്നു ഫെഡറൽ ഏജൻസികളെ വിലക്കുന്നു. വിദേശവിദ്യാർഥികൾക്കു ജോലി അനുവദിക്കില്ല. ഓ പി ടി സംവിധാനം അവസാനിപ്പിക്കും.
US senator seeks three-year H-1B visa freeze