Image

കോടതി വിമർശിച്ചപ്പോൾ 'ടൈംസ്' ലേഖകന്മാർക്കുളള സപ്പീനകൾ ഡി ഓ ജെ പിൻവലിച്ചു; അവരുടെ റിപ്പോർട്ട് ശരി വയ്ക്കുന്ന വിവരങ്ങൾ പുറത്ത് (പിപിഎം)

Published on 25 July, 2026
കോടതി വിമർശിച്ചപ്പോൾ 'ടൈംസ്' ലേഖകന്മാർക്കുളള സപ്പീനകൾ ഡി ഓ ജെ പിൻവലിച്ചു; അവരുടെ റിപ്പോർട്ട് ശരി വയ്ക്കുന്ന വിവരങ്ങൾ പുറത്ത് (പിപിഎം)

പ്രസിഡന്റ് ട്രംപിനു ഖത്തർ സമ്മാനിച്ച എയർ ഫോഴ്സ് വൺ വിമാനത്തിലെ സുരക്ഷയിൽ പോരായ്‌മ ഉണ്ടെന്നു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 'ന്യൂ യോർക്ക് ടൈംസ്' ലേഖകന്മാരെ വിളിച്ചു വരുത്തിയ നടപടി ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) പിൻവലിച്ചു. 

അതേ സമയം, ആ വിമാനം  ഉപയോഗിക്കേണ്ട എന്ന് സീക്രട്ട് സർവീസ് നിർദേശിച്ചതായി പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുമുണ്ട്.    

റിപ്പോർട്ടർമാർക്കു വീടുകളിൽ ചെന്നു സപ്പീന നൽകുന്ന കടുത്ത നടപടിയിലേക്കു വരെ പോയ ഡി ഓ ജെ അവരുടെ ഫോൺ റെക്കോർഡുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ രീതിയെ ജഡ്‌ജ്‌ അരുൺ സുബ്രമണ്യൻ ശക്തമായി വിമർശിച്ചതിനെ തുടർന്നു ഡി ഓ ജെ പിൻവാങ്ങുകയായിരുന്നു.  

സർക്കാർ സപ്പീനകൾ സ്വയം പിൻവലിച്ചെന്നു സുബ്രമണ്യൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. "അവ അസാധുവാണ്."

അന്വേഷണത്തിനു മറ്റു നടപടിക്രമങ്ങൾ ഉണ്ടായിരിക്കെ എന്തിനാണ് റിപ്പോർട്ടർമാർക്കു സപ്പീന അയച്ചതെന്നു വിചാരണയിൽ ജഡ്‌ജ്‌ ചോദിച്ചു. ഡി ഓ ജെ നയങ്ങൾ അനുസരിച്ചു തന്നെ മാധ്യമ പ്രവർത്തകർക്കു സപ്പീന നൽകുന്നത് മറ്റെല്ലാ മാർഗങ്ങളും കഴിഞ്ഞ ശേഷം മാത്രമാണ്.

സപ്പീനകൾക്കു കോടതി അംഗീകാരം തേടിയ പ്രോസിക്യൂട്ടർ കെവിൻ സള്ളിവൻ അപേക്ഷയിൽ വരുത്തിയ പിഴവുകളെയും കോടതി വിമർശിച്ചു. 'ന്യൂ യോർക്ക് ടൈംസി'നെ കുറിച്ചാണ് അന്വേഷണമെന്നു അതിൽ പറയുന്നില്ലെന്നു സുബ്രമണ്യൻ ചൂണ്ടിക്കാട്ടി. പത്രങ്ങളിൽ വാർത്ത വന്നെങ്കിലും അന്വേഷണം രഹസ്യമാണ് എന്ന് എന്തു കൊണ്ട് അവകാശപ്പെട്ടു?

ശ്രദ്ധക്കുറവാണെന്നു സള്ളിവൻ പറഞ്ഞു.

റിപ്പോർട്ടർമാർക്കു സപ്പീന നൽകിയത് അധികാര ദുർവിനിയോഗം ആണെന്നു 'ടൈംസ്' ചൂണ്ടിക്കാട്ടി. അവ അനുചിതവുമാണ്. ഖത്തർ നൽകിയ വിമാനത്തിൽ സുരക്ഷ പോരെന്ന റിപ്പോർട്ടിനെ തുടർന്നു പല റിപ്പോർട്ടർമാർക്കും സപ്പീന ലഭിച്ചു. അവരുടെ ഫോൺ റെക്കോർഡുകൾ വേണമെന്നു പ്രോസിക്യൂട്ടർമാർ പ്രൊവൈഡർമാരോട് ആവശ്യപ്പെട്ടു. കുടുംബാങ്ങളുടെയും വിവരങ്ങൾ ചോദിച്ചു. 

വിമാനത്തെ കുറിച്ചുള്ള റിപ്പോർട്ട് വരുന്നതിനു മാസങ്ങൾക്കു മുൻപ് ജനുവരി 1 മുതലുളള വിവരങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും 'ടൈംസ്' ചൂണ്ടിക്കാട്ടി.  

വാർത്ത ശരി വയ്ക്കുന്ന ഭീഷണി

ഖത്തർ നൽകിയ വിമാനത്തിനു സുരക്ഷ മെച്ചപ്പെടുത്തി എന്നു  'ടൈംസ്' വാർത്ത പരോക്ഷമായി ശരിവച്ചു കൊണ്ട്  ട്രംപ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തുർക്കിയിൽ നേറ്റോ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ട്രംപ് യുകെയിലേക്കു പഴയ എയർ ഫോഴ്‌സ് വണ്ണിൽ തന്നെ പറന്നത് ഇറാനിൽ നിന്നു ഗൗരവമായ ഭീഷണി ഉണ്ടായതു കൊണ്ടാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു.

ഖത്തർ നൽകിയ ബോയിങ് 747-8 ഉപയോഗിക്കേണ്ട എന്ന് സീക്രട്ട് സർവീസ് നിർദേശിച്ചതായി 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഇറാനുമായി അതിർത്തി പങ്കിടുന്ന തുർക്കിയിൽ നിന്നു പറക്കുമ്പോൾ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടാവാം എന്ന് ഇസ്രയേലി ഇന്റലിജൻസ് അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പഴയ വിമാനത്തിൽ മിസൈൽ ഭീഷണി കണ്ടെത്താൻ കഴിയുന്ന സംവിധാനമുണ്ട്. എന്നാൽ ഖത്തർ നൽകിയ വിമാനത്തിൽ അതില്ല. അതുൾപ്പെടെ പല സുരക്ഷാ സംവിധാനങ്ങളും പുതിയ വിമാനത്തിൽ വേണ്ടത്രയില്ല. എന്നാൽ ആർഭാടത്തിനൊരു പഞ്ഞവുമില്ല.

പഴയ വിമാനം ബോയിങ് വി സി-25 എ ആയിരുന്നു. അത് 35 വർഷം യുഎസ് പ്രസിഡന്റുമാരെയും കൊണ്ടു ലോകമൊട്ടാകെ പറന്നു.

DOJ withdraws NYT subpoenas after court criticism 

കോടതി വിമർശിച്ചപ്പോൾ 'ടൈംസ്' ലേഖകന്മാർക്കുളള സപ്പീനകൾ ഡി ഓ ജെ പിൻവലിച്ചു; അവരുടെ റിപ്പോർട്ട് ശരി വയ്ക്കുന്ന വിവരങ്ങൾ പുറത്ത് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക