Image

ബംഗ്ലദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വച്ചു

Published on 24 July, 2026
ബംഗ്ലദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ, തൻ്റെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാജി വച്ചിരിക്കുന്നത്.

76 കാരനായ മുഹമ്മദ് ഷഹാബുദ്ദീൻ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാർലമെൻ്റ് സ്‌പീക്കർ ഹാഫിസുദ്ദീൻ അഹമ്മദിന് അയച്ച രാജിക്കത്തിൽ അറിയിച്ചിരിക്കുന്നത്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിങ്ങനെ ഗുരുതരമായ അസുഖമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

"അടുത്തിടെ, മെഡിക്കൽ പരിശോധനകളിൽ ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗം കണ്ടെത്തി. ഈ അസുഖം കാരണം, ചിലപ്പോൾ ബോധരഹിതനാകാറുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു ഭരണഘടനാ പദവിയായ പ്രസിഡൻ്റ് സ്ഥാനം നിർവഹിക്കാൻ എനിക്ക് ശാരീരികമായും മാനസികമായും കഴിവില്ല," എന്നാണ് രാജി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാങ്കോക്കിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി ധാക്കയിലേക്ക് മടങ്ങിയ സ്‌പീക്കർ അഹമ്മദ്, പ്രസിഡൻ്റിൻ്റെ രാജി സ്വീകരിച്ചതായി അറിയിച്ചു.

പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ബംഗ്ലാദേശ് ഭരണഘടന അനുസരിച്ച് ആക്‌ടിങ് പ്രസിഡൻ്റായി സേവനമനുഷ്‌ഠിക്കും. പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ സർക്കാരിൽ ഷഹാബുദ്ദീനിൽ അസ്വസ്ഥരാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിത രാജി. 1971 ലെ വിമോചന യുദ്ധത്തിലെ മുൻ സൈനികനും മുൻ ലോവർ ജുഡീഷ്യറി ജഡ്‌ജിയുമാണ് ഷഹാബുദ്ദീൻ. 2023 ഏപ്രിലിലാണ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്‌തത്.

രാജ്യത്തെ മുൻ പാർലമെൻ്റാണ് അദ്ദേഹത്തെ ഏറ്റവും ഉയർന്ന പദവിയിലേക്ക് തെരഞ്ഞെടുത്തത്. 2024 ജൂലൈ-ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് ശേഷം, ഹസീനയുടെ അവാമി ലീഗ് സർക്കാർ രാജി വച്ചിരുന്നു. മുൻ സർക്കാരിൽ ഇപ്പോഴും പദവി വഹിക്കുന്ന ഒരേയൊരു വ്യക്തിയായിരുന്നു മുഹമ്മദ് ഷഹാബുദ്ദീൻ. അതേസമയം 2024 ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിലേക്ക് പലായനം ചെയ്‌ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഡിസംബറോടെ നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുകയാണെന്ന് വാർത്തകളും പ്രചരിച്ചിരുന്നു.

ഇക്കാര്യം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷഹാബുദ്ദീൻ്റെ രാജി എന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക