
ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെയും പരീക്ഷാ ക്രമക്കേടുകളെയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളേയും തുടർന്ന് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി. വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
രാജ്യത്തെ പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി കുറ്റക്കാരായ ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളടക്കം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ മാസങ്ങളായി രാജ്യത്തുടനീളം ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നിർണായക നീക്കം. കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു.
പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാനും ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായി തടയാനും ലക്ഷ്യമിട്ടാണ് എൻടിഎയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ചോദ്യപേപ്പർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഏജൻസിയുടെ ഔട്ട്സോഴ്‌സിങ് രീതി പുനഃപരിശോധിക്കാനും തിരുത്തലുകൾ വരുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.