Image

ന്യൂ യോർക്കിൽ 'അള്ളാഹു അക്ബർ' വിളിച്ചു കൊണ്ട് യഹൂദനെയും മറ്റൊരാളെയും കുത്തിയ പ്രതി പിടിയിൽ (പിപിഎം)

Published on 24 July, 2026
ന്യൂ യോർക്കിൽ 'അള്ളാഹു അക്ബർ' വിളിച്ചു കൊണ്ട് യഹൂദനെയും മറ്റൊരാളെയും കുത്തിയ പ്രതി പിടിയിൽ (പിപിഎം)

ന്യൂ യോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിനടുത്തുള്ള സിനഗോഗിനു സമീപം ഒരു യഹൂദനെയും മറ്റൊരാളെയും കുത്തി പരുക്കേൽപിച്ച റോൾ മൊറാലസ് (51) എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മനോരോഗിയാണെന്നു സംശയിക്കുന്നതായി മേയർ സോഹ്രാൻ മാംദാനി അറിയിച്ചപ്പോൾ, അക്രമത്തിനു മാംദാനിയുടെ വാക്കുകളാണ് കാരണമെന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ആരോപിച്ചു.

'അള്ളാഹു അക്ബർ' എന്നു വിളിച്ചു പറഞ്ഞുകൊണ്ടാണ് മൊറാലസ് യഹൂദനായ മോഷെ യെസ്ഹാക്ക് ഗ്രൻഹോസിനെയും പൂർവേഷ്യൻ എന്നു കരുതപ്പെടുന്ന ചോക് സുങ്ങിനെയും വ്യാഴാഴ്ച്ച ആക്രമിച്ചത്. യഹൂദനു നേരെ  സ്ക്രൂ ഡ്രൈവർ ആണ് പ്രയോഗിച്ചതെങ്കിൽ സുങ്ങിനെ കത്തിക്കു കുത്തുകയായിരുന്നു.

മൊറാലസ്  'അള്ളാഹു അക്ബർ' വിളിച്ചെന്നു  മാംദാനി  സ്ഥിരീകരിച്ചു. പോലിസിന്റെ പ്രാഥമിക നിഗമനം മൊറാലസിനു മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. 

ജറുസലേമിൽ പുരാതന ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടതിൽ യഹൂദർ ദുഃഖം ആചരിക്കുന്ന ദിവസം ജ്യുവിഷ് സെന്ററിൽ ആരാധനയ്ക്കു എത്തിയതായിരുന്നു ഗ്രൻഹാസ് എന്നു റാബി പറഞ്ഞു.

മൊറാലസ് വിദ്വേഷ ആക്രമണമാണോ നടത്തിയതെന്നു പരിശോധിച്ച് വരികയാണെന്നു പോലീസ് കമ്മിഷണർ ജെസീക്ക ട്രിഷ് പറഞ്ഞു. രണ്ടു പേരെയും ആക്രമിച്ചപ്പോൾ അയാൾ 'അള്ളാഹു അക്ബർ' എന്നു വിളിച്ചു. ആക്രമിക്കപ്പെട്ടവർ ആശുപത്രിയിലാണ്, ജീവന് ഭീഷണിയില്ല.

അടുത്തൊരു കെട്ടിടത്തിൽ ഒളിച്ച മൊറാലസിനെ പിടികൂടാൻ വിവരം നൽകിയ ആൾക്കു ട്രിഷ് നന്ദി പറഞ്ഞു.

വാക്കുകൾക്കു പ്രത്യാഘാതമുണ്ട്

ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത് പതിവാക്കിയ മാംദാനി വാക്കുകൾക്കു പ്രത്യാഘാതമുണ്ടെന്നു മനസിലാക്കണമെന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ഗിദെയോൻ സാർ പറഞ്ഞു. ന്യൂ യോർക്കിൽ നടന്ന ആക്രമണങ്ങൾ യഹൂദർക്കെതിരായ വിദ്വേഷത്തിൽ നിന്ന് ഉണ്ടായതാണ്. അതിനുള്ള പ്രകോപനം മാംദാനി സൃഷ്ടിച്ചതാണ്.

മാസങ്ങളായി മാംദാനി യഹൂദർക്കെതിരെ നടത്തുന്ന ആക്രമണങ്ങളാണ് ഇതിനു കാരണമെന്നു സാർ പറഞ്ഞു. ശൂന്യതയിൽ നിന്ന് അക്രമം ഉണ്ടാവുന്നില്ല.

മാംദാനി അക്രമികളെ ഇളക്കി വിടുന്നത് നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.

ഇസ്രയേലിനെതിരെ മാംദാനി ഉയർത്തുന്ന ഭീഷണികൾ ഇത്തരം ആക്രമണങ്ങൾക്കു കാരണമാവുന്നു എന്നു യുണൈറ്റഡ് ജ്യുവിഷ് അപ്പീൽ ഫെഡറേഷൻ പറഞ്ഞു.

Man yelling 'Allahu Akbar' stabs two in NYC  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക