
ന്യൂഡൽഹി: വിവാദമായ ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് (എഫ്സിആർഎ) പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. എഫ്സിആർഎ ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകളാണ് പാർലമെന്റ് ബുള്ളറ്റിനിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ അതേപടി ചർച്ചയ്ക്കെടുക്കാനാണ് നീക്കം.
ബില്ലിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ഉചിതമായ സമയത്ത് കൊണ്ടുവരുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. മാർച്ച് 25ന് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെത്തുടർന്ന് പാസാക്കാൻ കഴിയാതെ വരികയും മാറ്റിവെക്കുകയുമായിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പും ക്രൈസ്തവ സഭയുടെയും പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനെത്തുടർന്നുമാണ് ബിൽ പാസാക്കാതെ മാറ്റിവച്ചത്.
എഫ്‌സിആർഎ രജിസ്ട്രേഷൻ റദ്ദാക്കൽ, പുതുക്കൽ വൈകുന്നത് എന്നിവ കാരണം നഷ്ടപ്പെടുന്ന സംഘടനകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും മേൽനോട്ടം, മാനേജ്മെന്റ്, വിനിയോഗം എന്നിവയ്ക്കുള്ള സംവിധാനം 2026 ലെ വിദേശ സംഭാവന (നിയന്ത്രണം) ഭേദഗതി ബിൽ നിർദേശിക്കുന്നുണ്ട്.
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം സംരക്ഷിക്കണമെന്ന് നിർബന്ധമാക്കുന്നതിനൊപ്പം അത്തരം ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു നിയുക്ത അതോറിറ്റി രൂപീകരിക്കുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2020ലെ നിയമ ഭേദഗതി ഭരണപരമായ ചെലവുകൾക്കായി വിദേശ സംഭാവനകളുടെ ഉപയോഗം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചിരുന്നു.