Image

ട്രെയിനിൽ ദേഹാസ്വാസ്ഥ്യം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

പ്രസാദ് തീയാടിക്കൽ Published on 21 July, 2026
ട്രെയിനിൽ ദേഹാസ്വാസ്ഥ്യം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

കൊല്ലം: മൈസൂരിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ബിജു–ഷീജ ദമ്പതികളുടെ ഏക മകൾ സ്നേഹ (22) യാണ് മരിച്ചത്.

മൈസൂരിൽ നിന്ന് ട്രെയിൻ മാർഗം കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സ്നേഹയ്ക്ക് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യനില മോശമായതെന്ന് റിപ്പോർട്ടുകളുണ്ട്.

യാത്രക്കാരും റെയിൽവേ അധികൃതരും വിവരം അറിഞ്ഞതിനെ തുടർന്ന് സ്നേഹയ്ക്ക് ട്രെയിനിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണം സംഭവിച്ചു.

ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം വൃക്കയിലെ കല്ല് മൂലമുണ്ടായ ഗുരുതര ആരോഗ്യസങ്കീർണതകളാണ് മരണകാരണമെന്ന് അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ മരണവാർത്ത കുടുംബത്തെയും, സുഹൃത്തുക്കളെയും, സഹപാഠികളെയും ദുഃഖത്തിലാഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക