Image

നൊമ്പരമായി യുക്രയിനിലെ മലയാളി നാവികന്റെ വിയോഗം; അഖിൽ മടങ്ങിയത് വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി

Published on 21 July, 2026
നൊമ്പരമായി യുക്രയിനിലെ  മലയാളി നാവികന്റെ വിയോഗം; അഖിൽ മടങ്ങിയത് വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി

റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ യാത്രയായത് സ്വപ്നങ്ങൾ ബാക്കിയാക്കി. കഴിഞ്ഞ മാസമാണ് അഖിൽ നാട്ടിലെത്തി മാതാപിതാക്കളെ കണ്ടതെന്നും അഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി പറഞ്ഞു.

ഈ മാസം അവസാനത്തോടെ കപ്പലിലെ സേവനം അവസാനിപ്പിക്കാൻ അഖിൽ പദ്ധതിയിട്ടിരുന്നു. മറ്റൊരു കമ്പനിയിലേക്ക് മാറാൻ അഖിൽ ആഗ്രഹിച്ചിരുന്നുവെന്നും കുടുംബവുമായി ബന്ധമുള്ളവർ പറയുന്നു. 30 സെക്കൻഡിൽ ഏറ്റവും കൂടുതൽ റോപ്പ് പുൾ-അപ്പുകൾ ചെയ്തതിനുള്ള ലോക റെക്കോർഡ് ഉടമ കൂടിയാണ് അഖിലെന്ന് കുടുംബാംഗങ്ങൾ ഓർത്തെടുത്തു.

യുക്രൈനിയൻ നഗരമായ ഒഡേസ തീരത്തിന് സമീപം എം.വി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് 26കാരനായ അഖിൽ ജോയൻ ഉൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. 

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ഗ്രാമത്തിൽ നിന്നുള്ള അഖിൽ ജോയൻ കഴിഞ്ഞ ആറ് വർഷമായി ഈ കപ്പലിൽ നാവികനായി ജോലി ചെയ്തു വരികയായിരുന്നു. കച്ചവടക്കാരനായ ജോയന്റെയും തപാൽ വകുപ്പിലെ കളക്ഷൻ ഏജന്റായ സാലിയുടെയും ഏക മകനാണ് അഖിൽ. ചെന്നൈയിൽ നിന്ന് നോട്ടിക്കൽ സയൻസിൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് അഖിൽ ഷിപ്പിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. 

വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, ജൂലൈ 19ന് വൈകുന്നേരമാണ് ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുന്നതിനിടെ കപ്പലിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇന്ത്യക്കാ‌ർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ കോൺസുലേറ്റുമായും ബന്ധപ്പെടാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക