Image

ഏദനിലെ താമസക്കാർ (നോവല്‍-24: ലൈല അലക്‌സ്)

Published on 21 July, 2026
ഏദനിലെ താമസക്കാർ (നോവല്‍-24: ലൈല അലക്‌സ്)

അന്ന് രാത്രിയിലും രാജീവന് നേരാംവണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു നിന്നു. 
വനജയെ ഇന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ, ഇവിടെ നടന്ന സംഭവങ്ങളുടെ സത്യാവസ്‌ഥ എന്താണെന്നു ഇനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ഭാര്യക്ക് വേണ്ടിയുള്ള എബിയുടെ മാപ്പുപറച്ചിലായിരുന്നു രാജീവനെ ഏറെ വിഷമിപ്പിച്ചത്.
എബി പറഞ്ഞത് വിശ്വസിച്ചാൽ... ഇനിയും അങ്ങനെ ഒരു ശ്രമം ഉണ്ടായിക്കൂടെന്നുണ്ടോ? ഈ  അവസരത്തിൽ  വനജയെ  ഇവിടേയ്ക്ക് എങ്ങനെ കൊണ്ടുവരും ?... 
സാഹചര്യങ്ങൾ പലതും വിരൽ ചൂണ്ടുന്നത് ബീനയിലേക്കാണ്. എന്തുപറഞ്ഞാലും, അത് അങ്ങനെ വിശ്വസിക്കാനും വയ്യ. മലേഷ്യയിൽ, മികച്ച സ്‌കൂളുകളിൽ പഠിച്ചിറങ്ങിയ ബീനയെ പോലെ ഒരാൾ എഴുതിയതല്ല ആ ഊമക്കത്തുകൾ. ആരോടും അടുക്കാത്ത ബീന, വനജയെക്കുറിച്ചു നുണക്കഥകൾ പ്രചരിപ്പിക്കാനും വഴിയില്ല. 
ബീനയ്ക്കു വിഷാദരോഗം ഉണ്ടായിട്ടുണ്ട് എന്നത് ശരി തന്നെ. വലിയ വർത്തമാനക്കാരിയല്ല, അധികം ആരോടും അടുക്കുകയില്ല എന്നതൊഴിച്ചാൽ അസുഖത്തിൻറെ മറ്റൊരു ലക്ഷണവും ആരും കണ്ടിട്ടുള്ളതായി പറഞ്ഞിട്ടില്ല. എബിയ്ക്ക് അവളെ കുറ്റക്കാരിയാക്കാൻ എന്താണ് തിടുക്കo? ഇനി, താൻ സംശയിച്ചതുപോലെ രാജുവിനുള്ള പങ്ക് മറയ്ക്കാനുള്ള ശ്രമം ആണെങ്കിൽ....  ആ വീട്ടിൽ ബീനയുടെ അവസ്‌ഥ എന്താണ്? എന്തോ രാജീവന് ബീനയോടു അതുവരെയും തോന്നിയിട്ടില്ലാത്ത അനുകമ്പയോ, കരുതലോ...
ഏതായാലും ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപേ, രാജുവിൻറെ  വീട്ടിൽ ഒന്ന് കയറാം. വനജയുടെ വിവരം അറിയാൻ അവർക്കു താല്പര്യവും കാണുമല്ലോ. 
രാജീവൻ ചെല്ലുന്നതു കണ്ടുകൊണ്ടു റീത്താമ്മ ഇറങ്ങിച്ചെന്നു:
'മോനെ... വനജയ്‌ക്ക്‌ എങ്ങനെ ഉണ്ട്? ഞാൻ അങ്ങോട്ട് വരാൻ ഒരുങ്ങിയതാ. നിനക്ക് തിരക്കായിരിക്കും എന്ന് പറഞ്ഞു ഇവിടെ  എല്ലാവരും എന്നെ പിടിച്ചു നിർത്തിയതാ...'
'അമ്മച്ചീ രാജീവൻ അകത്തോട്ടു കയറിക്കോട്ടെ... എന്നിട്ടു പോരെ വർത്തമാനം?' സുമ വാതിൽക്കൽ എത്തി. 
'നീ വാ...' റീത്താമ്മ രാജീവൻറെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി, ജോർജ് കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി
'രാജീവാ, എന്തൊക്കെയാ അവിടെ നടക്കുന്നത്? വനജയ്ക്കു എന്താ പറ്റിയത്?' ജോർജും ചോദിച്ചു.
അറിയില്ല എന്ന മട്ടിൽ രാജീവൻ തലയാട്ടി.
'വീഴ്ചയിലുണ്ടായ മുറിവേയുള്ളൂ വനജയ്ക്ക്. പക്ഷേ, വീഴാനുള്ള കാരണം... ഭയന്ന് ഓടിയതാണ് എന്നേ അറിയൂ. അവൾ പറയുന്നത് ആരോ അവിടെ ഉണ്ടായിരുന്നു എന്നാണ്. അത് സ്ത്രീയാണോ, പുരുഷനാണോ എന്ന് പോലുo അറിയില്ല...' രാജീവൻ പറഞ്ഞു.  
'ങും...' ജോർജ് മൂളി. 
'ഏതായാലും പോലീസ് അന്വേഷിക്കുന്നുണ്ട്...' 
'രാജീവാ, ബ്രേക് ഫാസ്റ്റ് കഴിച്ചതാണോ?' ഒരു കപ്പ് കാപ്പി അയാളുടെ നേരെ നീട്ടിക്കൊണ്ടു അവിടേക്കു വന്ന സുമ പറഞ്ഞു. 'ഇവിടെ ബ്രേക് ഫാസ്റ്റ് ലേറ്റ് ആയിട്ടാണ്. എബി വരാൻ നോക്കിയിരിക്കും...'  
'വേണ്ടാ... ഞാൻ കഴിച്ചു. പിള്ളേർക്കും മമ്മയ്ക്കും ഉള്ള ബ്രേക്ഫാസ്റ്റ്  കൊടുത്തയക്കാനായി അവിടെ നേരത്തെ റെഡിയായി. അതുമല്ല, എനിക്ക് ഹോസ്പിറ്റലിൽ പോകുകയും വേണമല്ലോ...' 
കുറച്ചു നേരം കൂടി സംസാരിച്ചിരുന്ന ശേഷം രാജീവൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോർജ് ചോദിച്ചു:
'രാജീവാ... നീ ആ പഴയ വഴി തുറന്നു, അല്ലേ?'
രാജീവൻ അദ്‌ഭുതത്തോടെ ജോർജിൻറെ മുഖത്തേക്ക് നോക്കി.
ഇന്നലെ രാവിലെയാണ് ആ വഴിയെക്കുറിച്ച് ഒരുപാടു കാലം കൂടി താൻ ഓർത്തത് തന്നെ. 
'അച്ചായൻ എന്താ ഇപ്പറയുന്നതു?' 
'ആ മരം വഴി ടെറെസിലേക്കു ചാടി... ഇവിടുത്തെ രണ്ടെണ്ണത്തിനും പൊണ്ണത്തടിയായി... നീ അല്ലാതെ വേറെ ആരാ?' കൃത്യമായി വ്യായാമം ചെയ്തു ശരീരഭാരം കൂടാതെ സൂക്ഷിക്കുന്ന രാജീവനോട് ജോർജ് ചോദിച്ചു. 
'ഞാൻ അത് വഴി ഒന്നുമല്ല വന്നത്. എനിക്കും പറ്റില്ല ആ സർക്കസ്...'
'ഐ കുഡ് ഹാവ് സ്‌വോൺ... പല പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ട് ആ ചില്ലകൾ ഉലയുന്നതും, ആരോ ചാടിയിറങ്ങുന്നതും... ഞാൻ കരുതിയത് പഴയതുപോലെ നിങ്ങൾ ഒന്നിച്ചുകൂടുന്നതാണെന്നാ... നീയും എബിയും... കള്ളുകുടിക്കാനോ...'
ജോർജ് ഉറക്കെ ചിരിച്ചു.
'അല്ലാ... ഞാൻ എബിയെ ഒരുപാടു നാളുകൾകൂടിയാ ഇന്നലെ ഹോസ്പിറ്റലിൽ വെച്ച് കണ്ടത്...'
'പിന്നെ ആരാ?' 
'നിങ്ങൾക്ക് തോന്നിയതാവും.' റീത്താമ്മ പറഞ്ഞു. 'അല്ലെങ്കിൽ ആരെങ്കിലും കാണത്തില്ലേ? ബീന എപ്പോഴും ആ മുകളിലത്തെ മുറിയിലുണ്ടല്ലോ. അവൾ  കാണാതെയിരിക്കുമോ?'
രാജീവൻ പുറത്തേക്കു നടന്നു. അവിടെ, അകത്തെ മുറിയിലെ  സംഭാഷണങ്ങൾ കേട്ട് നിൽപ്പുണ്ടായിരുന്നു ബീന.  ഒരു വിളറിയ ചിരി ബീനയുടെ മുഖത്തുണ്ടായിരുന്നു. കുറച്ചു നാൾ മുൻപുണ്ടായ സംഭവം ഓർത്തു ഉണ്ടായ ജാള്യത കൊണ്ട് ആയിരിക്കണം അവൾ അകത്തേക്ക് വരാഞ്ഞത് എന്ന് രാജീവൻ ഊഹിച്ചു. രാജീവൻ പുഞ്ചിരിച്ചു. 
'ഹൗ ഇസ് വനജ? സോറി. ഐ ആം സോറി എബൌട്ട് വാട്ട് ഹാപ്പെൻഡ്' ബീന രാജീവനോട് പറഞ്ഞു.
'ഷി ഇസ് ഓക്കേ. താങ്ക്സ്' രാജീവൻ പറഞ്ഞു. കൂടുതൽ എന്തെങ്കിലും  പറയുന്നതിന് മുൻപേ,  സുമ അവിടേക്കു വന്നു.
'ഓ... പോവുകയാണോ?' സുമ ചോദിച്ചു. ഒരുപക്ഷേ സുമ അപ്പോൾ അങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ ബീന എന്തെങ്കിലും കൂടി പറഞ്ഞേനേ  എന്നൊരു തോന്നൽ രാജീവന് ഉണ്ടായി. 
ചോദ്യഭാവത്തിൽ അയാൾ ബീനയുടെ മുഖത്തേക്ക് നോക്കി. പക്ഷെ, എല്ലാം മറെയ്ക്കുന്ന നിസ്സംഗത ഒരു തിരശീല പോലെ ബീനയുടെ മുഖത്തെ പൊതിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും.
'പോട്ടെ... വനജയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.'  രാജീവൻ പുറത്തേക്കു നടന്നു.

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക