
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വില വരുന്ന തിമിംഗല ഛര്‍ദ്ദി. പന്തളം വലിയകോയിക്കൽ പാലത്തിന് സമീപം തൂഫാനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായായി നടത്തിയ പരിശോധനയിലാണ് ആംബർഗ്രീസുമായി രണ്ട് പേർ പിടിയിലായത്.
കൊല്ലം ഓടനാവട്ടം മുട്ടറ രാജീവ് ഭവനിൽ രാജീവ്, കൊല്ലം കൊട്ടാരക്കര നെടുവത്തൂർ മുകളുവിള വീട്ടിൽ സോമൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറ് കിലോയോളം തിമിംഗല ഛർദ്ദി പൊലീസ് പിടികൂടി. പന്തളത്ത് പൊലീസ് വാഹന പരിശോധന നടക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘത്തെ പൊലീസ് കൈകാണിച്ചു. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ പൊലീസിനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു.
സംഘത്തെ പൊലീസ് പിൻതുടർന്ന്, വാഹനം റോഡിന് കുറുകെ ഇട്ടു സഹസികമായി പിടികൂടി. ചോദ്യം ചെയ്യലിൽ അഞ്ച് വർഷം മുൻപ് ലക്ഷദ്വീപിൽ നിന്ന് രാജീവ് വാങ്ങിയതാണ് തിമിംഗല ഛർദ്ദിയെന്നാണ് പ്രതികൾ മൊഴി നല്‍കിയത്. ഇത് തിരുവല്ലയിൽ വിൽപ്പന നടത്താനായി കൊണ്ടു പോകുന്നതിനിടെയാണ് പൊലീസിൻ്റെ പിടിയിലായത്.
ജില്ലയില്‍ തിമിംഗല ഛർദിയുടെ അനധികൃത കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത തിമിംഗല ഛർദ്ദിയും കോന്നി വനം വകുപ്പിന് കൈമാറി. തിമിംഗല ഛർദ്ദി കൈവശം സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും സംബന്ധിച്ച കേസുകളിൽ വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.