
വാഷിങ്ടൺ: വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ഞായറാഴ്ച ജനിച്ച ആൺകുഞ്ഞിന് അലെക് നീൽ വാൻസ് (Alec Neel Vance) എന്നാണ് പേര് നൽകിയിരിക്കുന്നത്.
കുഞ്ഞിന്റെ ജനനവാർത്ത വാൻസ് സാമൂഹികമാധ്യമമായ എക്‌സിലൂടെ (X) പങ്കുവെച്ചു. "ഇന്ന് രാവിലെ ഞങ്ങളുടെ ആൺകുഞ്ഞ് അലെക് നീൽ വാൻസ് ജനിച്ചു. ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു. പുതിയ കുഞ്ഞൻ സഹോദരനെ കാണാൻ ഞങ്ങളുടെ മറ്റ് മക്കൾ അതിയായ സന്തോഷത്തിലാണ്," എന്ന് അദ്ദേഹം കുറിച്ചു. പ്രസവത്തിന് നേതൃത്വം നൽകിയ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിലെയും ഡോക്ടർമാർക്കും ജീവനക്കാർക്കും വാൻസ് നന്ദി അറിയിച്ചു.
ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വാൻസ് കുടുംബത്തെ അഭിനന്ദിച്ചു. " വാൻസ് കുടുംബത്തിന് അഭിനന്ദനങ്ങൾ! ഒരു പെർഫെക്റ്റ് ബേബി ബോയ്," എന്നാണ് ട്രംപ് കുറിച്ചത്.
2014-ൽ വിവാഹിതരായ ജെ.ഡി. വാൻസിനും ഉഷാ വാൻസിനും ഒൻപത് വയസ്സുള്ള ഇവാൻ, ആറുവയസ്സുകാരനായ വിവേക്, നാലുവയസ്സുള്ള മിറബെൽ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
അമേരിക്കൻ മാധ്യമമായ സി.ബി.എസ്. ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, അധികാരത്തിലിരിക്കെ രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന്റെ കുടുംബത്തിൽ കുഞ്ഞ് ജനിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിന് മുമ്പ് 1870-ൽ വൈസ് പ്രസിഡന്റ് ഷൂയ്ലർ കോൾഫാക്‌സിന്റെ കുടുംബത്തിലാണ് സമാനമായ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, വൈസ് പ്രസിഡന്റിന്റെ കുടുംബം കൂടുതൽ സ്വകാര്യതയും കുട്ടികൾക്ക് സാധാരണ ജീവിതാന്തരീക്ഷവും ഒരുക്കുന്നതിനായി വിർജീനിയയിലെ മിഡിൽബർഗ് മേഖലയിലെ ഒരു വൻ വസതിയുടെ ഭാഗം വാടകയ്ക്ക് എടുത്തതായി സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വസതിയായി വാഷിങ്ടണിലെ നേവൽ ഒബ്സർവേറ്ററി തുടരുമെങ്കിലും കുടുംബം കൂടുതൽ സമയം പുതിയ വസതിയിലായിരിക്കും ചെലവഴിക്കുകയെന്നാണ് റിപ്പോർട്ട്.