
ഒഡേസ: യുക്രെയ്നിലെ ഒഡേസ (Odesa) തുറമുഖത്ത് നിന്ന് ധാന്യവുമായി പുറപ്പെട്ട വാണിജ്യ ചരക്കുകപ്പലായ എംവി ഗോൾഡൻ ലിയോ (MV Golden Leo)യ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. ഗിനിയ-ബിസൗ പതാകയിലുള്ള കപ്പലിൽ ഇന്ത്യൻ, സിറിയൻ പൗരന്മാരടങ്ങിയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. കപ്പൽ തുറമുഖം വിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയ്ന്‍ നാവികസേനയുടെ വിവരമനുസരിച്ച്, കപ്പലിന് നേരെ മൂന്ന് ക്രൂയിസ് മിസൈലുകളാണ് പ്രയോഗിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും രക്ഷാപ്രവർത്തനം രാത്രി മുഴുവൻ തുടരുകയും ചെയ്തു. സംഭവത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, വാണിജ്യ കപ്പലുകളെയും നിരപരാധികളായ നാവികരെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ “അത്യന്തം അപലപനീയവും അംഗീകരിക്കാനാകാത്തതുമാണ്” എന്ന് പ്രസ്താവിച്ചു. ബാധിതർക്കാവശ്യമായ എല്ലാ സഹായവും ഇന്ത്യൻ ദൗത്യസംഘം നൽകിവരുന്നതായും മന്ത്രാലയം അറിയിച്ചു.