
ന്യൂഡൽഹി: എം.പിമാർ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് വരെ താൻ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്ന് മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വാങ്ചുകിന്റെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക് കടന്നിട്ടും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വിദ്യാർത്ഥികളുടെ ശബ്ദം പാർലമെന്റിന് മുന്നിൽ ഉയർത്താൻ അനുവദിക്കണമെന്ന് 'എക്സ്' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ വാങ്ചുക് ആവശ്യപ്പെട്ടു.
അതേസമയം, ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരം തുടരുമെന്ന് സിജെപി വ്യക്തമാക്കി. അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി എന്നിവർ ജന്തർ മന്തറിലെ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്. അവർ നിലവിൽ കേരള ഹൗസിന് മുന്നിലാണുള്ളതെന്നും പ്രതിഷേധം അവസാനിക്കുന്നില്ലെന്നും സിജെപി എക്സിലൂടെ അറിയിച്ചു.
പോലീസ് തികച്ചും ക്രൂരമായാണ് പെരുമാറിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ ആരോപിച്ചു. പ്രതിഷേധിച്ച നിരവധി വിദ്യാർത്ഥികളുടെ തലയോട്ടി പോലീസ് അടിച്ച് തകർത്തെന്നും 15 വയസ്സുള്ള പെൺകുട്ടിയെപ്പോലും ഒരു ആൺ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചെന്നുമാണ് അഭിജീത്തിന്റെ ആരോപണം. സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി വാങ്ചുകിന്റെ മുടിയിൽ പിടിച്ചുവലിക്കാൻ പോലും ആ പോലീസ് ഉദ്യോഗസ്ഥൻ മുതിർന്നെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
സിജെപി പ്രക്ഷോഭങ്ങൾക്കിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ചോദിച്ചു വാങ്ങാൻ പോലും സാധിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കുറ്റക്കാരായ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല. പകരം ആർക്കാണ് ശിക്ഷ ലഭിച്ചത്? കഠിനാധ്വാനം ചെയ്യുന്ന യുവാക്കൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ഉയർന്നപ്പോൾ കുട്ടികൾക്ക് മറുപടിയായി ലഭിച്ചത് ലാത്തിച്ചാർജ്ജും കരുതൽ തടങ്കലുകളുമാണെന്ന് രാഹുൽ ആരോപിച്ചു. ചോദ്യപേപ്പറുകൾ ചോർത്തിയ കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുന്നു. എന്നാൽ ന്യായമായ കാര്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.