Image

സിജെപി മാർച്ചിൽ വൻ സംഘർഷം, യുദ്ധക്കളമായി ഡൽഹി: കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്; മന്ത്രി നദ്ദക്ക് സി ജെ പി കത്ത് നല്‍കി

Published on 20 July, 2026
സിജെപി മാർച്ചിൽ വൻ സംഘർഷം, യുദ്ധക്കളമായി ഡൽഹി: കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്; മന്ത്രി നദ്ദക്ക്  സി ജെ പി കത്ത് നല്‍കി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. സിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിന് പിന്നാലെ ഡൽഹി പോലീസ് ജന്തർ മന്തർ ഒഴിപ്പിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പന്തലുകൾ പോലീസ് പൊളിച്ചുനീക്കി. 

സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ജന്തർ മന്തറിനും പാർലമെന്റ് പരിസരത്തിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.

കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാന നഗരിയിൽ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഏകദേശം 12,000-ത്തിലധികം വരുന്ന പ്രക്ഷോഭകർ പാർലമെന്റിലേക്ക് മാർച്ച് നടത്താനായി തെരുവിലിറങ്ങിയതോടെ പോലീസ് റോഡുകൾ ബാരിക്കേഡുകൾ വെച്ച് തടയുകയും പാർലമെന്റ് ഗേറ്റുകൾ അടച്ചിടുകയും ചെയ്തു.

പാർലമെന്റ് മാർച്ച് ശക്തമായതോടെ, സി ജെ പി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ പി നദ്ദ ചര്‍ച്ച നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, സോനം വാങ്ചുക്കിന്റെ മോചനം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളടങ്ങിയ കത്ത് സി ജെ പി നേതാക്കള്‍ മന്ത്രിക്ക് നല്‍കി. മന്ത്രിയെ രണ്ടുമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് 10 മിനുട്ട് കൂടിക്കാഴ്ച അനുവദിച്ചതെന്ന് സി ജെ പി വക്താക്കള്‍ പറഞ്ഞു.

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ.

രാവിലെ കേരള ഹൗസ് ലെയ്‌നിലേക്ക് നീങ്ങിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനെത്തുടർന്ന് വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ റെയിൽവേ സംരക്ഷണ സേനയും ഡൽഹി പോലീസും ലാത്തിവീശി. ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയും സ്ഥലത്തുണ്ടായിരുന്നു.

ദേശീയ തലസ്ഥാനം കനത്ത സുരക്ഷയിലാണ്. ആയിരക്കണക്കിന് പ്രക്ഷോഭകർ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ഡൽഹി പൊലീസ് പാർലമെന്റിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു, സമരസ്ഥലത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടയാൻ ജന്തർമന്ദർ എല്ലാ വശങ്ങളിൽ നിന്നും രാത്രിയോടെ സീൽ ചെയ്തിരുന്നു. 

പാർലമെന്റ്, റെയിൽ ഭവൻ, ഇന്ത്യ ഗേറ്റ്, മറ്റ് വിഐപി മേഖലകൾ എന്നിവിടങ്ങളിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ പ്രകാരം പാർലമെന്റിലേക്ക് യാതൊരു മാർച്ചും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പ്രക്ഷോഭകർ മാർച്ചിനായി അനുമതി തേടുകയോ, അത് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും പാർലമെന്റിലേക്ക് നീങ്ങാനുള്ള ഏത് ശ്രമവും നിയമവിരുദ്ധമായ കൂട്ടമായി കണക്കാക്കുമെന്നും പൊലീസ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക