Image

വിവാദ വ്യവസ്ഥകളിൽ തിരുത്തലുകളില്ല; എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ ആശങ്ക ആവർത്തിച്ച് കേരള കത്തോലിക്കാ സഭ

Published on 20 July, 2026
വിവാദ വ്യവസ്ഥകളിൽ  തിരുത്തലുകളില്ല; എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ ആശങ്ക ആവർത്തിച്ച് കേരള കത്തോലിക്കാ സഭ

എറണാകുളം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സി‌ആർ‌എ) ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോള്‍ ആശങ്കകൾ വീണ്ടും ആവർത്തിച്ച് കേരള കത്തോലിക്കാ സഭ. പാർലമെൻ്റ് വർഷകാല സമ്മേളനത്തിൽ ബിൽ പരിഗണനയ്‌ക്കെടുക്കാനിരിക്കെ വിവാദപരമായ വ്യവസ്ഥകൾ തിരുത്തലുകളില്ലാതെ തുടരുന്നുവെന്ന് കത്തോലിക്ക സഭ അവകാശപ്പെട്ടു.

എഫ്‌സി‌ആർ‌എയിലെ ഭേദഗതി ബില്ലിലെ വിവാദമായ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടില്ലെന്ന് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെ‌സി‌ബി‌സി) വക്താവ് ഫാദർ തോമസ് തറയിൽ പറഞ്ഞു. അന്ന് സഭ ഉന്നയിച്ച ആശങ്കകൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇപ്പോൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബിൽ ഏപ്രിൽ 1 ന് കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്ന അതേ ബില്ലാണ്. അതിൻ്റെ ഉള്ളടക്കത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല, അന്ന് ഞങ്ങൾ ഉന്നയിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു" അദ്ദേഹം ഇവിടെ മാധ്യമങ്ങളോട് പറഞ്ഞു.

നിർദ്ദിഷ്‌ട നിയമനിർമ്മാണത്തിലെ നിരവധി വ്യവസ്ഥകൾക്ക് കൂടുതൽ വ്യക്തത ആവശ്യമാണ്. കത്തോലിക്കാ സഭയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ വിഷയം, മറിച്ച് വിദേശ ധനസഹായത്തോടെ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യത്തുടനീളമുള്ള നിരവധി സന്നദ്ധ സംഘടനകളെ ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിലെ ചില വ്യവസ്ഥകൾ സ്വാഭാവിക നീതിയുടെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഭരണഘടനയുടെ ആത്മാവിന് അനുസൃതമല്ലാത്ത വ്യവസ്ഥകൾ അടങ്ങിയിട്ടുണ്ടെന്നും കെസിബിസി വക്താവ് ആരോപിച്ചു. ഭരണഘടനയ്ക്കും നിയമവാഴ്‌ചയ്ക്കും അനുസൃതമായി സഭ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ബില്ല് പിന്‍വലിക്കണമെന്ന് സിബിസിഐ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക നടപടികളൊന്നും ഉണ്ടായിരുന്നില്ല. മതസ്വാതന്ത്ര്യം, പട്ടികജാതി (എസ്‌സി) ക്രിസ്ത്യാനികളുടെ അവകാശങ്ങൾ, മണിപ്പൂരിലെ മാനുഷിക പ്രതിസന്ധി എന്നിങ്ങനെയുള്ള ആശങ്കകള്‍ ഉന്നയിച്ചാണ് സിബിസിഐ ഷായ്ക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചത്.

ബില്ലിൻ്റെ പ്രാരംഭഘട്ടത്തില്‍ തന്നെ എഫ്‌സി‌ആർ‌എയിലെ നിർദ്ദിഷ്‌ട ഭേദഗതികളിൽ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി ദരിദ്രരും ദുർബലരുമായ സമൂഹങ്ങൾക്ക് സേവനം നൽകുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളെ ബാധിക്കുമെന്ന് പറയുകയും ചെയ്‌തു. നിർദ്ദിഷ്‌ട ഭേദഗതി ബില്ലും അടുത്തിടെ വിജ്ഞാപനം ചെയ്‌ത നിയമങ്ങളും പിൻവലിക്കണമെന്ന് സർക്കാരിനോട് അവർ ആവശ്യപ്പെട്ടിരുന്നു. പങ്കാളികളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷം രണ്ടും പുനർനിർമ്മിക്കണമെന്ന് സഭാ വൃത്തങ്ങൾ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, കേരള നിയമസഭ തെരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക