
ഓപ്പൺ എ.ഐയുടെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ചു. ഇലോൺ മസ്‌കിന്റെ എക്‌സ്. എ.ഐയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഉദയ് ഓപ്പൺ എ.ഐയിൽ ടെക് എക്‌സിക്യുട്ടീവായി ചേർന്നത്. തന്റെ പുതിയ പദവിയെക്കുറിച്ചുള്ള സന്തോഷം ഉദയ് രുദ്ദരാജു തന്നെയാണ് ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ പങ്കുവെച്ചത്. ഓപ്പൺ എ.ഐക്കൊപ്പമുള്ള കഴിഞ്ഞ ഒരു വർഷം ഏറ്റവും മികച്ച അനുഭവമായിരുന്നുവെന്ന് ഉദയ് വ്യക്തമാക്കി.
അത്യാധുനിക എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനാവശ്യമായ കംപ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കാൻ തന്റെ ടീമിന് സാധിച്ചതായി അദ്ദേഹം കുറിച്ചു. ജിപിടി-5.6 ഉൾപ്പെടെയുള്ള ഏറ്റവും പുതിയ എ.ഐ മോഡലുകൾക്ക് കരുത്തേകുന്ന നെറ്റ്‌വർക്കിങ്, സ്‌റ്റോറേജ്, മെഷീൻ ലേണിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ട് ഫുട്ട്പ്രിന്റ് നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ഉദയ്, പഠനകാലത്ത് തന്നെ ആമസോൺ വെബ് സർവീസിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം മിനിസോട്ട യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി.
2013-ൽ ഇബേയിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് പ്രമുഖ കമ്പനികളായ റോബിൻഹുഡ്, എക്‌സ്.എ.ഐ എന്നിവയിലും പ്രവർത്തിച്ചു. എക്‌സ്.എ.ഐയുടെ 25,000-ത്തിലധികം ജിപിയു ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഭീമൻ എ.ഐ സൂപ്പർ കംപ്യൂട്ടറായ കൊളോസസ് വികസിപ്പിച്ചെടുത്തത് ഉദയ്‌യുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.