Image

സ്പെയിനിനെതിരെ ലിയോ ​ഗോളടിക്കും, റെക്കോർഡും തിരികെ പിടിക്കും; എംബാപ്പെ

Published on 19 July, 2026
സ്പെയിനിനെതിരെ ലിയോ ​ഗോളടിക്കും, റെക്കോർഡും തിരികെ പിടിക്കും; എംബാപ്പെ

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ​ഗോൾ വേട്ടക്കാരനെന്ന അർജന്റീന ഇതിഹാസ താരം ലയണൽ മെസിയുടെ റെക്കോർഡ് മറികടന്നതിനു പിന്നാലെ ശ്രദ്ധേയ മറുപടിയുമായി ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. സ്പെയിനിനെതിരായ ഫൈനലിൽ ​ഗോളടിച്ച് മെസി റെക്കോർഡ് തിരികെ പിടിക്കുമെന്നു എംബാപ്പെ പറഞ്ഞു. ഇം​​ഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാന പോരിൽ 6-4നു ഫ്രാൻസ് തോറ്റെങ്കിലും ഈ പോരാട്ടത്തിൽ ഇരട്ട ​ഗോൾ നേടിയാണ് എംബാപ്പെ ചരിത്ര റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

ലോകകപ്പിൽ നിലവിൽ എംബാപ്പെയ്ക്ക് 22 ​ഗോളുകളായി. 21 ​ഗോളുകളാണ് മെസിയ്ക്കുള്ളത്. ഫൈനലിൽ ഇരട്ട ​ഗോൾ നേടിയാൽ മെസി റെക്കോർഡ് തിരികെ പിടിക്കും. ഒരു ​ഗോൾ നേടിയാൽ റെക്കോർഡ് ഇരുവരും പങ്കിടും.

'ലിയോ എല്ലായ്പ്പോഴും ​ഗോൾ നേടുന്ന താരമാണ്. അദ്ദേഹം ഫൈനലിൽ ​ഗോൾ അടിക്കും അതുറപ്പാണ്'- ഇം​ഗ്ലണ്ടിനെതിരായ പോരാട്ടത്തിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. നിലവിൽ ​ഗോൾഡൻ ബൂട്ട് പോരാട്ടവും മെസിയും എംബാപ്പെയും തമ്മിലാണ്. മെസി 8 ​ഗോളുകളുമായി രണ്ടാമത് നിൽക്കുമ്പോൾ 10 ​ഗോളുകളുമായി എംബാപ്പെയാണ് മുന്നിൽ.

മുൻ ജർമൻ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസിയോ എംബാപ്പെയോ തകർക്കുമെന്നു ഉറപ്പിച്ചാണ് ലോകകപ്പ് തുടങ്ങിയത്. ഇരുവരും തമ്മിൽ ഈ റെക്കോർഡിനായി ടൂർണമെന്റിൽ നടന്നത് സമാനതകളില്ലാത്ത പോരാട്ടം കൂടിയാണ്. മെസിയാണ് ആദ്യ ക്ലോസെയുടെ റെക്കോർഡ് മറികടന്നത്. പിന്നീട് നേട്ടം 21ൽ എത്തിച്ചു. എന്നാൽ ഇം​ഗ്ലണ്ടിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോൾ എംബാപ്പെയെ മുന്നിലെത്തിച്ചു.

ഈ എഡിഷനിൽ 10 ​ഗോൾ നേടിയ താരം 2018, 2022 ലോകകപ്പുകളിലായി 12 ​ഗോളുകളും നേടി. വ്യക്തി​ഗത മികവ് തനിക്കു വലിയ ആശ്വാസമൊന്നും നൽകുന്നില്ലെന്നു താരം തുറന്നു സമ്മതിച്ചു. കാരണം ഫ്രാൻസ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടാണ് മടങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക