Image

പന്തളം നഗരസഭയിൽ അർജൻ്റീന ജഴ്‌സി ധരിച്ച് ജീവനക്കാർ ഓഫീസിലെത്തി

Published on 19 July, 2026
പന്തളം നഗരസഭയിൽ  അർജൻ്റീന  ജഴ്‌സി ധരിച്ച് ജീവനക്കാർ ഓഫീസിലെത്തി

പത്തനംതിട്ട: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തിൻ്റെ ആവേശം കൊടുമുടിയിരിക്കെ, പ്രിയ ടീമായ അർജൻ്റീനയ്ക്ക് വേറിട്ട രീതിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തളം നഗരസഭയിലെ ജീവനക്കാർ. നഗരസഭയിലെ അർജൻ്റീന ആരാധകരായ ജീവനക്കാരാണ് ടീമിൻ്റെ നീലയും വെള്ളയും ജഴ്‌സി ധരിച്ച് ഓഫീസിൽ ജോലിക്കെത്തിയത്. 

ഫുട്ബോൾ ലഹരി ഭരണസിരാകേന്ദ്രങ്ങളെപ്പോലും കീഴടക്കുന്ന കാഴ്‌ചയാണ് പന്തളത്ത് ദൃശ്യമായത്. നഗരസഭ സെക്രട്ടറി അനിത ഇ.ബി. ഉൾപ്പെടെയുള്ള ജീവനക്കാരാണ് അർജൻ്റീനയുടെ ഔദ്യോഗിക ജഴ്‌സി അണിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന് കട്ട സപ്പോർട്ടുമായി സീറ്റുകളിലിരുന്ന് ജോലി ചെയ്‌തത്. 

ഫൈനൽ മത്സരത്തിന് മുന്നോടിയായി ഓഫീസിലെത്തിയ ജീവനക്കാരുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി പന്തളം നഗരസഭാ ഓഫീസിൽ എത്തിയ നാട്ടുകാർക്കും ഈ കാഴ്‌ച ഏറെ കൗതുകമുണർത്തുന്നതായിരുന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വലിയ പിന്തുണയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. 

കേരളത്തിൻ്റെ ഫുട്ബോൾ പ്രേമം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഫുട്ബോൾ ആരാധകർ കുറിക്കുന്നു. കോടിക്കണക്കിന് വരുന്ന മലയാളി കായികപ്രേമികൾ കാത്തിരിക്കുന്ന അർജൻ്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിൻ്റെ ആവേശം ഈ പ്രകടനത്തോടെ പത്തനംതിട്ടയിലും ഇരട്ടിയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക