
തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും മന്ത്രി മുരളീധരന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ആലപ്പുഴയില്‍ ചില സംഘടനകള്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിര്‍പ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്.
ആശുപത്രിയില്‍ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.
ആശുപത്രികളില്‍ ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ഭക്ഷണ വിതരണത്തിനെതിരെ മന്ത്രി മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. കൊടിയും ബാനറും സ്ഥാപിച്ചുള്ള ഭക്ഷണ വിതരണം അനുവദിക്കാനാകില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.