
കോട്ടയം: റബ്ബറിൻ്റെ താങ്ങുവില 300 രൂപയാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കടുത്തുരുത്തി ടൗൺ ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ 250 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരുന്നത്. അടുത്ത ഘട്ടത്തിൽ അത് 300 ആക്കുമെന്നും കേരളത്തിൻ്റെ മണ്ണിൽ കർഷകൻ്റെ കണ്ണീര് വീഴരുതെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐടിസി ജംഗ്ഷനിൽ നാട മുറിച്ച് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രിയും മറ്റ് വിശിഷ്‌ടാതിഥികളും ബൈപ്പാസ് റോഡിലൂടെ റോഡ് ഷോയാണ് സമ്മേളന വേദിയിൽ എത്തിയത്. കടുത്തുരുത്തി ഐടിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച് ബ്ലോക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന ബൈപ്പാസിന് ഒന്നര കിലോമീറ്റര്‍ നീളമാണുള്ളത്. 32 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച റോഡില്‍ കടുത്തുരുത്തി വലിയ തോടിനു കുറുകെയും ചുള്ളിത്തോടിനു കുറുകെയും രണ്ട് പാലങ്ങളും കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലവും നിര്‍മിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, കൃഷി, തുറമുഖ വികസനം തുടങ്ങി കോട്ടയം ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കാനാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ഇതുവരെ സംഭവിക്കാത്ത ഉജ്വലമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് കടുത്തുരുത്തി ബൈപാസ്. ഇത് യാഥാർഥ്യമാക്കുന്നതിന് മുൻകൈ എടുത്ത മന്ത്രി മോൻസ് ജോസഫിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജലവിഭവ , ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൈപ്പാസിന് സ്ഥലം വിട്ടു നല്‍കിയവരെ പ്രതിനിധീകരിച്ച് സെൻ്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പള്ളിത്തോട്ടം,സെൻ്റ് മേരീസ് ഫൊറോനാ വലിയ പള്ളി വികാരി ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍, എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്‍ പ്രസിഡൻ്റ് പ്രസാദ് ആരിശ്ശേരില്‍ എന്നിവരെയും ബൈപാസ് നിർമാണം പൂർത്തീകരിച്ച കരാറുകാരൻ സജീവ് മാത്യുവിനെയും മുഖ്യമന്ത്രി ആദരിച്ചു.