
തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. 'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും' എന്നും ഉപമയായി ഗണേഷ് പറഞ്ഞു. എന്‍എസ്എസ് ഭരണഘടന താന്‍ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കണം. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു
എന്‍എസ്എസിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ആക്ഷേപിച്ചതായി തനിക്ക് അറിയില്ല. ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിയില്ല. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആര്‍ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന് പരിഗണിക്കണം. പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്ന പൊതിച്ചോര്‍ വിതരണം ഏത് പാര്‍ട്ടി നടത്തിയാലും അത് തടയുന്നത് ശരിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേസമയം കെ ബി ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് . മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നുനല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നുവെക്കാനാകില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്?. ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെയോ എന്‍എസ്എസിന്റെയോ ഭാഗമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.