Image

ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച്ച; വെല്ലുവിളികളുടെ നടുവിലേക്ക് ആൻഡി ബെൺഹാം (പിപിഎം)

Published on 19 July, 2026
ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച്ച; വെല്ലുവിളികളുടെ നടുവിലേക്ക് ആൻഡി ബെൺഹാം (പിപിഎം)

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച്ച സ്ഥാനമേൽക്കുന്ന ലേബർ പാർട്ടി നേതാവ് ആൻഡി ബെൺഹാം കനത്ത വെല്ലുവിളികളിലേക്കാണ് നടന്നു കയറുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഇറാൻ യുദ്ധത്തോടെ തളർന്ന സമ്പദ് വ്യവസ്ഥയും കുത്തനെ ഉയർന്ന വിലകളും അദ്ദേഹത്തിന് ഏറ്റവും വലിയ വെല്ലുവിളി ആവുമ്പോൾ അതിനെ നേരിടാൻ ബെൺഹാം ഒരുങ്ങിക്കഴിഞ്ഞെന്നു ലേബർ ഡെപ്യൂട്ടി ലീഡർ ലൂസി പവൽ ഉറപ്പു നൽകി. 

മൂന്നു മില്യൺ ജനങ്ങളുള്ള ഗ്രെയ്റ്റർ മാഞ്ചസ്റ്റർ നഗരത്തിൽ മേയറായിരുന്ന ബെൺഹാം 70 മില്യൺ ജനതയുടെ നേതൃത്വം ഏൽക്കുന്നത് നേതൃത്വ പരാജയത്തെ തുടർന്നു പ്രധാനമന്ത്രി കിയ സ്റ്റാർമർ പിന്മാറിയതിനെ തുടർന്നാണ്. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വലതുപക്ഷ റിഫോം യുകെ പാർട്ടി നടത്തിയ മുന്നേറ്റത്തിൽ ലേബറിന്റെ കോട്ടകൾ പലതും തകർന്നു വീണിരുന്നു. വെള്ളിയാഴ്ചയാണ് ലേബർ പാർട്ടി ബെൺഹാമിനെ തിരഞ്ഞെടുത്തത്. 

"ഈ നേതൃത്വ മാറ്റം 40 വർഷത്തിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമാണ്," ബെൺഹാം പറഞ്ഞു. "ജനങ്ങൾക്കു ജീവിതഭാരം കുറയ്ക്കും, എല്ലാ ജനവിഭാങ്ങൾക്കും ഉയർച്ച ഉണ്ടാവും."

അന്താരാഷ്ട്ര രംഗത്ത്  രണ്ടു കൊടും യുദ്ധങ്ങളുടെ നടുവിൽ നിൽക്കുന്ന ലോകമാണ് യുകെയിലെ പുതിയ നേതൃത്വത്തിന്റെ നീക്കം കാത്തിരിക്കുന്നത്. യുക്രൈനിൽ ആയാലും മിഡിൽ ഈസ്റ്റിൽ ആയാലും ബ്രിട്ടൻ സമാധാനശ്രമങ്ങളിൽ സജീവ പങ്കാളിയാണ്.

ജീവിതച്ചെലവ് കുറയ്ക്കുന്നതിലാവും ബെൺഹാം ഏറ്റവും ശ്രദ്ധ വയ്ക്കുകയെന്നു പവൽ പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പ് വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം ബെൺഹാം തള്ളിയിരുന്നു. പൊതു തിരഞ്ഞെടുപ്പിൽ ലേബർ മുന്നോട്ടു വച്ച വാഗ്‌ദാനങ്ങൾ തന്നെയാണ് അദ്ദേഹം നടപ്പാക്കുക എന്നു പവൽ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച്ച ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട ശേഷമാണ് ബെൺഹാം സ്ഥാനമേൽക്കുക. ബ്രിട്ടീഷ് സംവിധാനത്തിൽ കൂടുതൽ ഏർപ്പാടുകളൊന്നും കൂടാതെയാണ് സ്ഥാനാരോഹണം.

UK gets a new PM Monday 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക