Image

കലാശപ്പോരിനു കാത്ത് ഫുട്ബോള്‍ ലോകം (സനില്‍ പി. തോമസ്)

Published on 19 July, 2026
കലാശപ്പോരിനു കാത്ത്   ഫുട്ബോള്‍ ലോകം  (സനില്‍ പി. തോമസ്)

 

മ്പത് വര്‍ഷം മുമ്പ് ലിയനല്‍ സ്‌കലോനി യുവേഫാ പ്രോ കോച്ചിങ് ലൈസന്‍സ് എടുക്കാന്‍ ലാസ് റൊസാസ്സിലെ സ്പാനിഷ് ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ അവിടെ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു ഡി ലാ ഫ്യൂത്തെ. ഇന്ന് സ്‌കലോനി അര്‍ജന്റീനയുടേയും ഫ്യൂത്തെ സ്‌പെയിനിന്റേയും പരിശീലകര്‍. 19 വര്‍ഷം മുമ്പ് ക്രിസ്മസ് കാലത്ത് ചാരിറ്റിയുടെ ഭാഗമായൊരു കലണ്ടറിന്റെ ഫോട്ടോ ഷൂട്ടില്‍ ലിയണല്‍ മെസി ടബി ൽ കുളിപ്പിച്ച, അഞ്ചു മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ലമിന്‍ യമാല്‍. ഇന്ന് മെസിക്ക് 39. യമാലിന് 19. ആറാം ലോക കപ്പ് കളിക്കുന്ന മെസിയില്‍ നിന്ന് ഭാവിയിലേക്കൊരു ദീപശിഖ കൈനീട്ടിവാങ്ങാന്‍ തയാറെടുക്കുന്ന അരങ്ങേറ്റക്കാരന്‍ യമാല്‍. ഇരുവരും ലോക കപ്പിൽ മുത്തമിടാൻ  ഒരു മത്സരം മാത്രം അകലെയെത്തി നിൽക്കുന്നു.

ന്യൂജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ലോക കപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ കോപ അമേരിക്ക വിജയികളായ അര്‍ജന്റീനയുമായി മുഖാമുഖം. ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍മാര്‍ ഫിഫ ലോക കപ്പ് ഫൈനലില്‍ ആദ്യമായി യൂറോപ്യന്‍ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ സ്‌പെയിന്‍ ലക്ഷ്യമിടുന്നത് വനിതാ ലോകകപ്പിനൊപ്പം പുരുഷ ലോക കപ്പുമാണ്. അര്‍ജന്റീനയ്ക്ക് കിരീടം നിലനിര്‍ത്തി ഇറ്റലിയുടേയും (1934, 38) ബ്രസീലിന്റേയും (1958, 62) ചരിത്രം ആവര്‍ത്തിക്കണം. ഇരുവരും ഫുട്‌ബോള്‍ കോര്‍ട്ടില്‍ ഇതുവരെയുള്ള റെക്കോര്‍ഡ്‌സില്‍ തുല്യരാണ്. ആറു വിജയം, രണ്ടു സമനില, ആറു തോല്‍വി.

ബ്രസീലിന്റെ കഫുവിനു ശേഷം മൂന്നു ലോക കപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യത്തെ താരമാകും മെസി. പക്ഷെ, കഫു തുടര്‍ച്ചയായിട്ടാണ് മൂന്നു ലോക കപ്പ് കളിച്ചത് (1994, 98, 2002). പെലെയും റൊണാള്‍ഡോയും (ബ്രസീല്‍) മൂന്നു തവണ ലോകകപ്പ് നേടിയെങ്കിലും രണ്ടു തവണ വീതമാണ് ഫൈനലില്‍ കളിച്ചത്.

കഴിഞ്ഞ ഏഴു മത്സരങ്ങളും ജയിച്ചാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. സ്‌പെയിന്‍ ആകട്ടെ ആദ്യ മത്സരത്തില്‍ കെയ്പ് വെര്‍ദെയോട് ഗോള്‍ രഹിത സമനില പാലിച്ചിരുന്നു. ഗോള്‍ ശരാശരി നോക്കിയാല്‍ സ്‌പെയിന്‍ 13 ഗോള്‍ അടിച്ചു. ഒരു ഗോള്‍ മാത്രം വഴങ്ങി. ബെല്‍ജിയം ആണ് സ്‌പെയിന്‍ വല ചലിപ്പിച്ച ഏക ടീം. മറിച്ച് അര്‍ജന്റീന 19 ഗോള്‍ അടിച്ചപ്പോള്‍ ഏഴെണ്ണം വഴങ്ങി. കണക്കുകള്‍ ഇങ്ങനെയെങ്കിലും സ്‌പെയിന്‍ ഗോളി ഉനായ് സിമോ നിനെക്കാള്‍ അനുഭവ സമ്പത്ത് അര്‍ജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനു തന്നെ. യമാലും ഒയാർസബാലും നിക്കോ വില്യംസും സ്‌പെയിന്‍ മുന്നേറ്റ നിരയെ ശക്തമാക്കുമ്പോള്‍ മറുവശത്ത് മെസിക്കൊപ്പം ജൂലിയന്‍ അല്‍വാരസും ലൗട്ടാരോയും.

മധ്യനിരയില്‍ ക്യാപ്റ്റന്‍ റോഡ്രിയും പെഡ്രിയും ഡാനി ടെല്‍മോയും സ്‌പെയിലിന്റെ കുതിപ്പുകള്‍ക്ക് വഴിമരുന്നിടും. എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും മറുവശത്ത്. മുന്‍ നിരയില്‍ യമാലിനെ ഇറക്കുന്ന കോച്ച് പ്രതിരോധനിരയില്‍ മറ്റൊരു പത്തൊമ്പതുകാരന്‍ കുബാർ സിയെ പരീക്ഷിച്ചേക്കാം. കളം നിറഞ്ഞ് കളിക്കുന്ന കുക്കറെല്ല ഏതു നിമിഷവും അപകടം വിതയ്ക്കാം.

പെപ് ഗാര്‍ഡിയോള 2008- 12 കാലത്ത് ബാര്‍സിലോണയിലും സ്‌പെയിന്‍ ദേശീയ ടീമിലും പരീക്ഷിച്ച് വിജയിച്ച ടിക്കി ടാക്കാ തന്ത്രത്തില്‍ നേരിയ മാറ്റം സ്‌പെയിന്‍ വരുത്തിയേക്കാം. ഈജിപ്തിനും ഇംഗ്ലണ്ടിനും പറ്റിയപോലെ പൂര്‍ണ്ണ പ്രതിരോധത്തിലൂന്നി അര്‍ജൻ്റീ നയ്‌ക്കെതിരായ മത്സരം കൈവിടുവാന്‍ സ്‌പെയിന്‍ തയാറാകില്ല. സെമിയില്‍ ഫ്രാന്‍സിനു സംഭവിച്ചതുപോലെ ക്രോസുകള്‍ കണക്ട് ചെയ്യാന്‍ ബോക്‌സില്‍ ആളില്ലാത്ത സ്ഥിതിയും ഉണ്ടാകില്ല. തുടരെ 49 മത്സരങ്ങളില്‍ പരാജയം അറിയാതെയാണ് (34 വിജയം 15 സമനില) സ്‌പെയിനിന്റെ വരവ്. ഈ ജൈത്രയാത്ര അവസാനിപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിയുമോ? കാത്തിരിക്കാൻ സമയമില്ല. കളി തുടങ്ങാറായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക