Image

പൊതിച്ചോറ് തിന്നവർ വോട്ട് ചെയ്തിരുന്നെങ്കിൽ മുരളീധരൻ സഭ കാണില്ലായിരുന്നു! ആരോഗ്യവകുപ്പിനെതിരെ കടുത്ത പരിഹാസവുമായി കെ. സുരേന്ദ്രൻ

Published on 19 July, 2026
പൊതിച്ചോറ് തിന്നവർ വോട്ട് ചെയ്തിരുന്നെങ്കിൽ മുരളീധരൻ സഭ കാണില്ലായിരുന്നു! ആരോഗ്യവകുപ്പിനെതിരെ കടുത്ത പരിഹാസവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം/പത്തനംതിട്ട: സർക്കാർ ആശുപത്രികളിലെ ഡിവൈ.എഫ്.ഐ.യുടെ പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. ആശുപത്രികൾക്കകത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം എന്തുവിലകൊടുത്തും തടയുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത് യു.ഡി.എഫ്. സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ഓർമ്മിപ്പിച്ചു. ഡിവൈ.എഫ്.ഐ. എന്നല്ല, യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ അടക്കം ഒരു സംഘടനയുടെയും രാഷ്ട്രീയ നീക്കങ്ങൾ ആശുപത്രികൾക്കുള്ളിൽ പാടില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ (സാമൂഹിക അടുക്കള) സംവിധാനം വഴി മാത്രമേ ഇനി മുതൽ ഭക്ഷണം നൽകാവൂ എന്നും വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും കൂട്ടിച്ചേർത്തു.

​എന്നാൽ, ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും പൊതിച്ചോറ് കഴിച്ചവരെല്ലാം അത് നൽകിയവർക്കാണ് വോട്ട് ചെയ്തിരുന്നതെങ്കിൽ ബഹുമാനപ്പെട്ട മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും നിയമസഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് എപ്പോഴും നല്ലതാണ്. നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താനും അപകടങ്ങൾ ഒഴിവാക്കാനും കൊടുക്കുന്നവർക്ക് കൃത്യമായ ഉത്തരവാദിത്വമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങൾ കൊണ്ടുവരാൻ നോക്കിയാൽ അത് കേരളത്തിൽ നടപ്പാകില്ലെന്നും കോവിഡ് കാലത്ത് തന്നെ ആ സംവിധാനങ്ങളെല്ലാം പൊളിഞ്ഞ് പാളീസായതാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. ആരോഗ്യവകുപ്പ് തങ്ങളുടെ ദുരഭിമാനം വെടിയുന്നതായിരിക്കും ഈ വിഷയത്തിൽ ഏറ്റവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഭക്ഷണ വിവാദത്തിന് പുറമെ, മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിലും ആരോഗ്യ മന്ത്രി കെ. മുരളീധരൻ കടുത്ത നിലപാട് വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് അത്തരം ഒരു ക്ലബ്ബ് അംഗത്വത്തിന്റെ യാതൊരുവിധ ആവശ്യവുമില്ലെന്ന് മന്ത്രി തുറന്നടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക