
തിരുവനന്തപുരം: സി.പി.എം. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം പിൻവലിച്ചതിന് പിന്നിലെ വിചിത്രമായ കാരണം പുറത്ത്. വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിലെ രാഷ്ട്രീയ വിയോജിപ്പുകൾ മൂലമല്ല, മറിച്ച് പത്രത്തിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള കടുത്ത രാഷ്ട്രീയ ആയുധമായും സോഷ്യൽ മീഡിയ ട്രോളുകളായും ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്ന ഭയത്തിലാണ് പത്രം പൂഴ്ത്തിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. വി.എസിന്റെ ജീവചരിത്രകാരൻ കെ.വി. സുധാകരൻ എഴുതിയ അനുസ്മരണ ലേഖനം ഉൾപ്പെടെ പൂർണ്ണമായി അച്ചടിച്ച ശേഷമാണ് പതിപ്പ് വിതരണം ചെയ്യേണ്ടെന്ന് മാനേജ്‌മെന്റ് അടിയന്തര തീരുമാനമെടുത്തത്.
വാരാന്തപ്പതിപ്പിന്റെ ഒന്നാം പേജിൽ വി.എസ്. അനുസ്മരണത്തിന് നൽകിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന തലക്കെട്ട് പഴയ പാർട്ടി വിഭാഗീയതയുടെ നാളുകളെ ഓർമ്മിപ്പിക്കുന്നതാണെന്ന വിലയിരുത്തൽ ആദ്യം തന്നെയുണ്ടായിരുന്നു. എന്നാൽ ഇതിനേക്കാൾ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചത് പത്രത്തിന്റെ നാലാം പേജിൽ അച്ചടിച്ചു വന്ന മറ്റൊരു ലേഖനമാണ്. വെഞ്ഞാറമൂട്ടിലെ പ്രശസ്ത നാടക പ്രവർത്തകനായ വിജയൻ എന്ന വ്യക്തിയെക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം. നാടകത്തിലെ ഒരു കഥാപാത്രം കാരണം നാട്ടുകാർ സ്നേഹത്തോടെ 'കള്ളൻ വിജയൻ' എന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന് 'കള്ളൻ വിജയൻ, നടനഗ്രാമം, വെഞ്ഞാറമൂട് പി.ഒ' എന്ന വിലാസത്തിൽ വരുന്ന കത്തുകൾ പോലും കൃത്യമായി ലഭിച്ചിരുന്നുവെന്ന് ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ഈ അപൂർവ്വ വിലാസം തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടായും നിശ്ചയിച്ചിരുന്നത്.
ഒന്നാം പേജിലെ വി.എസ്. സ്മരണയുടെ 'കടലിരമ്പവും' നാലാം പേജിലെ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും ഒരേ ലക്കത്തിൽ വരുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പരിഹാസങ്ങൾക്ക് വഴിവെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വൈകിയാണ് തിരിച്ചറിഞ്ഞത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് കടുത്ത ട്രോളുകൾക്കും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വൻ വിവാദങ്ങൾക്കും കാരണമാകുമെന്ന ഭയത്താലാണ് അച്ചടി പൂർത്തിയായിട്ടും പതിപ്പ് പൂർണ്ണമായി പിൻവലിക്കാൻ പത്ര മാനേജ്‌മെന്റ് നിർബന്ധിതരായത്. എന്നാൽ, 'സാങ്കേതിക പിഴവ്' എന്ന പതിവ് വിശദീകരണത്തിനപ്പുറം ഈ വിലാസ വിവാദത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ദേശാഭിമാനി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.