
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷക്കണക്കിന് ഭക്തർ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയുള്ള പണം കടുത്ത ഭക്തിയോടെയും വിശ്വാസത്തോടെയും സമർപ്പിച്ചതാണെന്നും, ഈ 'കാണിക്ക മോഷ്ടിക്കലിലൂടെ' അവർ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം കത്തിൽ വ്യക്തമാക്കി. ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇരുവരും, രാജ്യത്തെ ഞെട്ടിച്ച ഈ വിവാദ വിഷയത്തിൽ പ്രധാനമന്ത്രി പുലർത്തുന്ന നിശബ്ദത അംഗീകരിക്കാൻ കഴിയാത്തതാണെന്നും കത്തിൽ കൂട്ടിച്ചേർത്തു. കത്തിന്റെ പകർപ്പ് മല്ലികാർജുൻ ഖാർഗെ തന്റെ ഔദ്യോഗിക 'എക്സ്' (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ജൂൺ ആദ്യവാരമാണ് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിതുറന്ന അയോധ്യ ക്ഷേത്രത്തിലെ സംഭാവന മോഷണം പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർ അറസ്റ്റിലാകുകയും ക്ഷേത്ര ട്രസ്റ്റിന്റെ രണ്ട് മുതിർന്ന ഭാരവാഹികൾ രാജി വെയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂൺ 25-ന് ട്രസ്റ്റ് നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പാർലമെന്റിൽ പ്രഖ്യാപിച്ച ട്രസ്റ്റാണിതെന്നും, ഇതിലെ അംഗങ്ങളെ കേന്ദ്ര സർക്കാരാണ് നിയമിച്ചതെന്നും പ്രതിപക്ഷ നേതാക്കൾ ഓർമ്മിപ്പിച്ചു. ട്രസ്റ്റിലെ ഭാരവാഹികൾക്ക് ആർ.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ കാര്യമാണെന്നും ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയാണെന്നും പ്രതിപക്ഷം കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്തരമൊരു ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഭക്തർക്കുണ്ടായ നഷ്ടം പരിഹരിക്കാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പണം, സ്വർണം, വെള്ളി എന്നിവയുൾപ്പെടെ ക്ഷേത്രത്തിലേക്ക് ലഭിച്ച എല്ലാ സംഭാവനകളും കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ അന്വേഷണം വേണം. കുറ്റക്കാരുടെ സ്ഥാനമോ സ്വാധീനമോ നോക്കാതെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും വിശ്വാസ്യത വരും ദിവസങ്ങളിൽ അവർ എത്രത്തോളം സുതാര്യമായും വേഗത്തിലും നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും, ഇന്ത്യയിലെ ജനങ്ങൾ ഈ നീക്കങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.