Image

നിറത്തിന്റെ പേരിൽ സഹപാഠി അധിക്ഷേപിച്ചു; രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

Published on 19 July, 2026
നിറത്തിന്റെ പേരിൽ സഹപാഠി അധിക്ഷേപിച്ചു; രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ജയ്പൂർ: സ്കൂളിൽ സഹപാഠിയായ പെൺകുട്ടിയുമായി ഉണ്ടായ തർക്കത്തിനും വംശീയ അധിക്ഷേപത്തിനും പിന്നാലെ രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. മധ്യപ്രദേശിലെ തക്രാലി ഗ്രാമ സ്വദേശിയായ രാഹുൽ (16) ആണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്. തന്റെ കറുത്ത നിറത്തിന്റെ പേരിൽ സഹപാഠിയായ പെൺകുട്ടി പരസ്യമായി പരിഹസിച്ചു സംസാരിച്ചതിൽ കുട്ടി കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

​സ്വന്തം കുടുംബത്തിൽ നിന്നും മാറി ധോൽപൂരിലെ ബന്ധുക്കളുടെ വീട്ടിൽ താമസിച്ചായിരുന്നു രാഹുൽ പഠനം നടത്തിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ വെച്ച് രാഹുലും സഹപാഠിയായ പെൺകുട്ടിയും തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ പെൺകുട്ടി രാഹുലിന്റെ നിറത്തെ അധിക്ഷേപിച്ച് സംസാരിച്ചതായാണ് വിവരം. ഇതിൽ മനംനൊന്ത് അന്ന് വൈകുന്നേരം സ്കൂൾ വിട്ട് മുറിയിലെത്തിയ രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു. പിറ്റേന്ന് ദിവസമായിട്ടും കുട്ടി മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

​ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ധോൽപൂർ പോലീസ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശിൽ നിന്നും കുട്ടിയുടെ മാതാപിതാക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി വിട്ടുനൽകി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് സ്കൂൾ അധികൃതരിൽ നിന്നും മറ്റ് സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും സബ് ഇൻസ്പെക്ടർ ഹർവീർ സിങ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക