
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ പിണറായി സർക്കാരിന്റെ കാലത്ത് ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ പകൽ സമയത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെങ്കിലും രാത്രിയിലാണ് കടുത്ത ദൗർലഭ്യം നേരിടുന്നത്. പകൽ സമയങ്ങളിൽ തുച്ഛമായ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി, ഉപഭോഗം കുതിച്ചുയരുന്ന രാത്രികാലങ്ങളിൽ യൂണിറ്റിന് പത്തു രൂപയോളം ഉയർന്ന നിരക്കിൽ വാങ്ങേണ്ടി വരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമായിരുന്ന ദീർഘകാല കരാറുകൾ നടപ്പാക്കാനോ പാലിക്കാനോ മുൻ സർക്കാർ തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും, നിലവിൽ സമരം ചെയ്യുന്നവർ പ്രതിഷേധിക്കേണ്ടത് മുൻ ഭരണാധികാരികൾക്കെതിരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി പ്രതിസഭവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എം.എം. മണി ഉന്നയിച്ച വിമർശനങ്ങൾക്കും മന്ത്രി സണ്ണി ജോസഫ് ശക്തമായ മറുപടി നൽകി. എം.എം. മണിയുടെ കീഴിൽ വന്ന് ശിക്ഷ്യപ്പെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അദ്ദേഹം വകുപ്പ് ഭരിച്ചിരുന്ന കാലത്ത് എന്താണ് ചെയ്തതെന്ന് സ്വയം ചിന്തിക്കണമെന്നും പരിഹസിച്ചു. പിണറായി സർക്കാരിന്റെ കാലത്തും സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനുള്ള ക്രമീകരണങ്ങൾ വകുപ്പ് തലത്തിൽ ഒരുക്കുന്നുണ്ടെന്നും ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിനുള്ളിൽ വലിയ വിവാദമായി മാറിയ സർക്കാർ പ്ലീഡർ നിയമന കാര്യത്തിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ താനും മുഖ്യമന്ത്രിയും തമ്മിൽ നിരന്തരം സംസാരിക്കുന്നുണ്ടെന്നും, സർക്കാരിന്റെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്ത് തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയം മറ്റൊരു സമിതിയിലും ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ല. വിഷയത്തിൽ കെ.എസ്.യു. ചില കാര്യങ്ങൾ തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും, ആ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എങ്കിലും ഇത്തരം നയപരമായ കാര്യങ്ങളിൽ സംഘടനകൾ ചേർന്നുപോകണമെന്നും, പറയാനുള്ള വിയോജിപ്പുകൾ പരസ്യമാക്കാതെ പാർട്ടിക്കകത്ത് ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.