
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ പകൽ 8.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തമിഴ്‌നാട്ടിലെ കന്യാകുമാരി തീരങ്ങളിലും നാളെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം വ്യക്തമാക്കി. നാളെ (20/07/2026) പകൽ 5.30 മുതൽ വൈകുന്നേരം 5.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.