
യുഎസ് ആക്രമണങ്ങൾക്കു തിരിച്ചടിയായി ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ടു അമേരിക്കൻ സൈനികർ മരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. "ദുഖകരമായ മരണം," അദ്ദേഹം പറഞ്ഞു. "നാണക്കേടു തന്നെ."
നാലു സൈനികരെ പരുക്കേറ്റ നിലയിൽ ആശുപത്രികളിലേക്കു മാറ്റിയെന്നു യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. ഒരു സൈനികനെ കാണാനില്ല.
ഫെബ്രുവരി 28നു യുഎസ്, ഇസ്രയേലി സേനകൾ ആരംഭിച്ച ആക്രമണങ്ങളെ തുടർന്നുള്ള തിരിച്ചടികളിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഇതോടെ 16 ആയി. 430 സൈനികർക്കു പരുക്കേറ്റിട്ടുമുണ്ട്.
ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ല എന്നുറപ്പു വരുത്താൻ പോരാടിയ സൈനികരാണ് കൊല്ലപ്പെട്ടതെന്നു ട്രംപ് പറഞ്ഞു. അതേ സമയം, സൈനികരെ ഉടൻ പിൻവലിച്ചു 'അനാവശ്യമായ' യുദ്ധം അവസാനിപ്പിക്കണമെന്നു റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് നേതാക്കന്മാരിൽ പലരും ആവശ്യപ്പെട്ടു.
ഇറാനിൽ കൂടുതൽ രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടാവുമെന്നു പക്ഷേ ട്രംപ് താക്കീതു നൽകി. ശനിയാഴ്ച്ച തുടർച്ചയായ എട്ടാം ദിവസവും യുഎസ് സൈന്യം ഇറാന്റെ സൈനിക കേന്ദ്രങ്ങളും വൈദ്യുതി നിലങ്ങളും പാലങ്ങളും മറ്റും അടിച്ചു തകർത്തു.
തിരിച്ചടിച്ച ഇറാൻ കുവൈറ്റിൽ കടലിലെ ഉപ്പുവെള്ളം ശുദ്ധജലമാക്കുന്ന പ്ലാന്റുകൾ ആക്രമിച്ചു. 90% ഈ ജലത്തെ ആശ്രയിക്കുന്ന കുവൈറ്റ് പ്രതിസന്ധി നേരിടുന്നു.
ബഹ്‌റൈനിൽ യുഎസ് ഫിഫ്‌ത് ഫ്‌ളീറ്റ് ആസ്ഥാനവും ഇറാൻ ആക്രമിച്ചു.
മേഖലയിലേക്കു യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ എത്തിക്കുന്നുണ്ട്. ജർമനിയിലെ സ്പാങ്ഡലം വ്യോമതാവളത്തിൽ നിന്നു എഫ്-16 വരുന്നുണ്ട്. ബ്രിട്ടനിൽ നിന്നു എഫ്-35 വിമാനങ്ങളും.
ജി സി സി അപലപിച്ചു
അറേബ്യൻ ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ ഗൾഫ് സഹകരണ സമിതി (ജി സി സി) അപലപിച്ചു. ഇറാന്റെ നടപടി ഗുരുതരമായ സമാധാന ലംഘനമാണെന്നു ജി സി സി സെക്രട്ടറി ജനറൽ ജാസീം മുഹമ്മദ് അല്ബുദൈവി പറഞ്ഞു.
ബഹ്‌റൈന്റെയും കുവൈറ്റിന്റെയും ജോർദാന്റെയും പിന്നിൽ ജി സി സി ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Two US servicemen dead as Iran attacks Jordan