
ഇടുക്കി: സഞ്ചാരികളുടെ മനം നിറയ്ക്കാൻ പശ്ചിമഘട്ട മലനിരകളിൽ 12 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി വിരിഞ്ഞുതുടങ്ങി. മൂന്നാറിനോട് ചേർന്നുള്ള ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി വിരിഞ്ഞ് തുടങ്ങിയത്. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ മലനിരകളിൽ നീലക്കുറിഞ്ഞി പൂർണമായും വിരിഞ്ഞുതുടങ്ങും. അതിന് മുന്നോടിയായിട്ടാണ് മീശപ്പുലിമല ഉൾപ്പെടെയുള്ള മലനിരകളിൽ നീലക്കുറിഞ്ഞി വിരിഞ്ഞുതുടങ്ങിയത്.
സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. പലതരം വകഭേദങ്ങളുണ്ട് നീലക്കുറിഞ്ഞികൾക്ക്. അതിൽ 12 വർഷം കൂടുമ്പോൾ വിരിയുന്ന സ്ട്രോബിലാന്തസ് കുന്തിയാന വിഭാഗത്തിലുള്ള നീലക്കുറിഞ്ഞിയാണ് മാട്ടുപ്പെട്ടിക്ക് സമീപമുള്ള എടലിമേട് സെവൻമല ഉയർന്ന പ്രദേശമായ ചൊക്രമുടി, മീശപ്പുലിമല മലനിരകളുടെ താഴ് വരകളിൽ പൂത്തുതുടങ്ങിയത്. ചൊക്രമുടിയിൽ കുറിഞ്ഞിച്ചെടികൾ പലതും പൂത്തുതുടങ്ങി.
കയ്യേറ്റം ഒഴിപ്പിച്ച് പഴയ നിലയിലേക്ക് എത്തുന്ന ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂക്കുന്നു എന്നതാണ് ശ്രദ്ധേയം. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമാകും. ഇത്തവണ ഇരവികുളം ദേശിയോദ്യനത്തിന് പുറത്തുള്ള ഭാഗങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ചൊക്രമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾക്ക് സന്ദർശനം നടത്തുന്നതിനായി ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. പരിധിയിലധികം ആളുകൾ ഒരേസമയം എത്തുന്നത് നിയന്ത്രിക്കാനാണ് ഈ നീക്കം. മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.