
മകനെ വിട്ടുകൊടുക്കേണ്ടി വന്നതിന്റെ വേദന താങ്ങാനാകാതെ ജീവനൊടുക്കിയ ഇടുക്കി കുമളിയിലെ സ്വകാര്യ ബസ് കണ്ടക്ടറായ രഞ്ജീഷിന്റെ വേർപാട് നാടിനും സുഹൃത്തുക്കൾക്കും സൈബർ ലോകത്തിനും വലിയ നോവായി. ഒരാഴ്ച മുൻപ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രഞ്ജീഷ് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.
രഞ്ജീഷിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ വലിയ ദുഃഖത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.രഞ്ജീഷിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
കോഴിമലയിൽ മകനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു രഞ്ജീഷ് താമസിച്ചിരുന്നത്. ആറ് വർഷം മുൻപ് ഭാര്യ ജോലിക്കായി ഷാർജയിലേക്ക് പോയതിനെത്തുടർന്ന് കോഴിമലയിലെ വീട്ടിൽ മകനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.എന്നാൽ പിന്നീട് ഭാര്യ രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിക്കുകയും മറ്റൊരാളുമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
ഒരു മാസം മുൻപ് നാട്ടിലെത്തിയ ഭാര്യ, മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് ഭാര്യയ്ക്ക് അനുകൂലമായതോടെ, അതുവരെ താൻ നെഞ്ചോട് ചേർത്തു വളർത്തിയ മകനെ രഞ്ജീഷിന് വിട്ടുനൽകേണ്ടി വന്നു. തനിക്ക് ജീവനായിരുന്ന മകൻ കൈവിട്ടുപോയതിൻ്റെ മാനസിക വിഷമം താങ്ങാൻ രഞ്ജീഷിന് കഴിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.മകനുവേണ്ടി മാത്രം ജീവിച്ച ഒരു നല്ല പിതാവിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.