
കോട്ടയം: മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലന്ന് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. സുരേഷ് ഗോപിക്ക് മന്നംസമാധിയിൽ പുഷ്‌പാർച്ചന അനുവദിച്ചില്ല എന്നു പറയുന്നത് ശരിയല്ല. അദ്ദേഹം എൻ.എസ്.എസ്സിൻ്റെ ബഡ്‌ജറ്റ് സമ്മേളനം നടക്കുന്ന ദിവസമാണ് പെരുന്നയിലെത്തിയത്. അപ്പോഴേക്കും പതിവുപോലെ അംഗങ്ങൾ പുഷ്‌പാർച്ചന നടത്തിയ ശേഷം നടയടച്ച് ഹാളിൽ ബഡ്‌ജറ്റ് സമ്മേളനം ആരംഭിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം എത്തിയതും പുഷ്‌പാർച്ചന നടത്തണം എന്ന് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടതും.
സെക്യൂരിറ്റിജീവനക്കാരൻ ഫോണിൽ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. പതിവില്ലാത്ത കാര്യമാണെങ്കിലും നട തുറന്നുകൊടുക്കുവാൻ ജനറൽ സെക്രട്ടറി അനുവദിച്ചു. സുരേഷ് ഗോപി പുഷ്‌പാർച്ചന നടത്തിയശേഷം ബഡ്‌ജറ്റ് സമ്മേളനഹാളിലേക്ക് കടന്നുവരുകയാണ് പിന്നീട് ചെയ്‌തത്. ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന ജനറൽ സെക്രട്ടറിയുടെ മുമ്പിൽ അദ്ദേഹം വന്നു നിന്നപ്പോൾ 'ഇത് ശരിയായില്ല' എന്നുള്ള മറുപടിയാണ് ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഏതു സംഘടനയുടെയായാലും ഇത്തരം സമ്മേളനങ്ങളിൽ മെമ്പർ അല്ലാത്ത ആളുകൾ കടന്നുവരുന്നത് ശരിയല്ല. ഉടൻതന്നെ സുരേഷ്‌ഗോപി ഹാളിൽ നിന്നും ഇറങ്ങി, ഗേറ്റിൽ എത്തി ചാനലുകാരോട് സംസാരിച്ച പ്പോൾ 'അനുവാദം ഇല്ലാതെ സമ്മേളനം നടക്കുന്നിടത്ത് കയറിച്ചെന്നത് തെറ്റായിപ്പോയി, എന്‍റെ ഭാഗത്താണ് തെറ്റ്' എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതിൽനിന്നും മനസിലാക്കേണ്ടത് സുരേഷ്ഗോപി മന്നം സമാധി യിൽ പുഷ്‌പാർച്ചന നടത്തിയെന്നല്ലേ? പുഷ്‌പാർച്ചന അനുവദിച്ചില്ല എന്ന പ്രചാരണം വസ്‌താവിരുദ്ധമാണ്. ആ സംഭവത്തിനുശേഷം സുരേഷ് ഗോപി പലതവണ എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചിട്ടുള്ളതുമാണ്.
മറ്റൊരവസരത്തിൽ ശ്രീ. സി.വി. ആനന്ദബോസ് എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു. അദ്ദേഹത്തെ സ്വീകരിച്ച് ജനറൽ സെക്രട്ടറി ഗസ്റ്റ് ഹൗസിൽ അദ്ദേഹവുമായി കുശലപ്രശ്‌നം നടത്തി. ചായ സൽക്കാരത്തിനു ശേഷം അദ്ദേഹത്തെ കാറിനടുത്തുവരെ അനുഗമിച്ച് യാത്രയയച്ചു. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം ആരോടും ആവശ്യപ്പെട്ടില്ല. ആവശ്യപ്പെടാതെ, ഒരു ഗവർണർ എന്ന നിലയിൽ, അദ്ദേഹത്തോട് പുഷ്‌പാർച്ചന നടത്തണമെന്ന് നിർദ്ദേശിക്കുന്നത് ശരിയല്ലല്ലോ. അദ്ദേഹത്തിന് പുഷ്‌പാർച്ചന നിഷേധിച്ചു എന്നുള്ള പരാതിക്ക് എന്തു പ്രസക്തിയാണുള്ളത്?
ഇപ്പോൾ ഇന്ത്യൻ വൈസ് പ്രസിഡൻ്റ് ആയിരിക്കുന്ന ശ്രീ. സി.പി. രാധാകൃഷ്‌ണൻ ആ സ്ഥാന ലബ്‌ധിക്ക് തൊട്ടുമുമ്പ്, മഹാരാഷ്ട്ര ഗവർണർ ആയിരിക്കെ, എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിക്കുകയുണ്ടായി. ജനറൽ സെക്രട്ടറി അദ്ദേഹത്തെ ബൊക്കെ നല്‌കി സ്വീകരിച്ച് ഗസ്റ്റ് ഹൗസിലേക്ക് ആനയിച്ചു. അര മണിക്കൂറോളം സർവീസ് സൊസൈറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്‌പരം പങ്കുവച്ചു. ചായസൽക്കാരത്തിനു ശേഷം കാറിൽ കയറുന്നതുവരെ ജനറൽ സെക്രട്ടറി അദ്ദേഹത്തെ അനുഗമിച്ചു. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്തണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടില്ല. പുഷ്‌പാര്‍ച്ചന ചെയ്‌തിട്ടുപോകണം എന്ന് അങ്ങോട്ടു പറയുന്നത് ഔചിത്യമാണോ?.
പിന്നീട് ഒരുദിവസം ശ്രീ. സി.പി. രാധാകൃഷ്‌ണൻ ചങ്ങനാശ്ശേരിയിലുള്ള എസ്.ബി. കോളേജിലെ ഒരു പരിപാടിയിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കാൻ ഹെലികോപ്‌ടറിൽ എത്തി എൻ.എസ്.എ സ്. കോളേജ് ഗ്രൗണ്ടിൽ ഇറങ്ങി പരിപാടിയിൽ പങ്കെടുക്കാനും തിരിച്ചുപോകുവാനും ഉള്ള അനുവാദം ആവശ്യപ്പെട്ടത് പൊലീസ് അധികാരികൾ മുഖാന്തിരമാണ്. അതിന് അനുവാദം നല്‌കുകയും ചെയ്‌തു.
എസ്.പി.ജി. യുടെ മേല്‍നോട്ടത്തിൽ രണ്ടുമൂന്നു ദിവസം സുരക്ഷാനടപടികൾ അവർ സ്വീകരിച്ചു വന്നു. പരിപാടിയുടെ തലേ ദിവസം വൈകിട്ട് അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി ജനറൽ സെക്രട്ടറിയെ വിളിച്ച് അദ്ദേഹം മന്നംസമാധി യിൽ പുഷ്‌പാർച്ചന നടത്താൻ ആഗ്രഹിക്കുന്നു എന്നും അതിന് അനുവാദം കൊടുക്കണമെന്നും അറിയിച്ചു. മന്നംസമാധി ക്ഷേത്രതുല്യമായി സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പരിപാവനമായ സ്ഥലം ആണെന്നും അവിടെ എസ്.പി.ജി.യുടെ പ്രോട്ടോകോൾ അനുസരിച്ച് ഡോഗ് സ്ക്വാഡ് തുടങ്ങിയുള്ള പരിശോധനകൾ അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഉള്ള മറുപടിയാണ് ഇവിടെനിന്നും നല്‍കിയത്. എസ്.പി.ജി.യുടെ അത്തരമുള്ള പരിശോധനകൾ ഒഴിവാക്കാം എന്നു പറയാൻ അവർ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നത്. മുൻകാലത്തെ അനുഭവമാണ് അതിന് ഇടയാക്കിയതും.
യാഥാർത്ഥ്യം ഇങ്ങനെയാണെന്നിരിക്കെ, മൂവർക്കും മന്നം സമാധിയിൽ പുഷ്‌പാർച്ചന നിഷേധിച്ചു എന്ന പ്രചരണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നുവേണം കരുതുവാൻ. മന്നം സമാധിയിൽ ദർശനം നടത്താനും പുഷ്‌പാർച്ചന നടത്തുവാനും മുൻകൂട്ടി അറിയിച്ചശേഷം എത്തുന്ന ആരെയും നിഷേധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. കൂടാതെ മന്നംജയന്തി, മന്നം സമാധി ദിനങ്ങളിൽ മുഴുവൻ സമയവും മറ്റുദിവസങ്ങളിൽ വൈകുന്നേരവും എല്ലാവർക്കും പുഷ്‌പാർച്ചന അനുവദിച്ചിട്ടുള്ളതുമാണെന്നും സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.