
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി യുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് 'വേഴു' എന്ന് പേരിട്ടു. ആലപ്പുഴ, കുതിരപ്പന്തി, നടുവിലെപറമ്പ് എആർ ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ച വിജയ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് 'വേഴു' എന്ന പേര് തെരഞ്ഞെടുത്തത്. 2026 ഓഗസ്റ്റ് 22നാണ് ആലപ്പുഴ പുന്നമടക്കായലിൽ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുക.
ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എൻട്രികൾ വാട്സ്ആപ്പ് മുഖേനയാണ് ക്ഷണിച്ചത്. എൻട്രികളിൽ 30 പേരാണ് 'വേഴു' എന്ന പേര് നിർദേശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും.
ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പിആർ. റോയ്, മുൻ ഡിടിപിസി സെക്രട്ടറി സി പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്. പുന്നപ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനർ ഹരിൺ തയാറാക്കിയ ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലാണ് ഈ വർഷത്തെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടത്.
'വേഴു' എന്ന പേര് പതിച്ച ഭാഗ്യചിഹ്നം ആലപ്പുഴ കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്‌സൈസ് - സഹകരണ മന്ത്രി എം ലിജു പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.