Image

ഒ.സി.ഐ. കാർഡ് സംവിധാനം പൂർണമായും ഡിജിറ്റലിലേക്ക്; ഇനി മൊബൈലിലെ ഇ-ഒ.സി.ഐ. കാർഡ് മതിയെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ

Published on 18 July, 2026
ഒ.സി.ഐ. കാർഡ് സംവിധാനം പൂർണമായും ഡിജിറ്റലിലേക്ക്; ഇനി മൊബൈലിലെ ഇ-ഒ.സി.ഐ. കാർഡ് മതിയെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ

 വിദേശ ഇന്ത്യൻ വംശജർക്കുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡ് സംവിധാനം പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇനി പുതിയ അപേക്ഷകർക്ക് ഭൗതിക ഒ.സി.ഐ. ബുക്ക്ലെറ്റിന് പകരം ഇലക്ട്രോണിക് ഒ.സി.ഐ. (ഇ-ഒ.സി.ഐ.) കാർഡ് മാത്രമായിരിക്കും ലഭിക്കുക. 
 

ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ സംവിധാനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. പുതിയ അപേക്ഷകർക്ക് ഇ-ഒ.സി.ഐ. കാർഡ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാമെന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ പരിശോധനയ്ക്കും അംഗീകൃത വിമാനക്കമ്പനികളിലും പാസ്‌പോർട്ടിനൊപ്പം അത് കാണിച്ചാൽ മതിയാകുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ കൈവശമുള്ള ഭൗതിക ഒ.സി.ഐ. ബുക്ക്ലെറ്റുകൾ തുടർന്നും സാധുവായിരിക്കുമെന്നും അവ റദ്ദാക്കില്ലെന്നും ബ്യൂറോ വ്യക്തമാക്കി. എന്നാൽ യാത്രകളിൽ ഇനി നിർബന്ധമായും ബുക്ക്ലെറ്റ് കൈവശം വഹിക്കേണ്ട ആവശ്യമില്ല. ഇ-ഒ.സി.ഐ. കാർഡാണ് പ്രധാന രേഖയായി ഉപയോഗിക്കാനാകുക. 

ഒ.സി.ഐ. സേവനങ്ങൾ കൂടുതൽ ലളിതവും പൂർണമായും ഓൺലൈനുമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. പുതിയ അപേക്ഷകളും വിവരങ്ങൾ പുതുക്കുന്നതും മറ്റ് സേവനങ്ങളും ഒ.സി.ഐ. സേവന പോർട്ടൽ വഴിയാണ് ഇനി ലഭ്യമാകുക. 

പാസ്‌പോർട്ട് പുതുക്കിയതിന്റെയോ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വന്നതിന്റെയോ പേരിൽ ഒ.സി.ഐ. കാർഡ് വീണ്ടും പുതുക്കേണ്ട ബാധ്യതയും പുതിയ സംവിധാനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ ഓൺലൈനായി പുതുക്കിയാൽ മതിയാകുമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. 

അതേസമയം, ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതിന്റെ അടിസ്ഥാനത്തിൽ ഒ.സി.ഐ. കാർഡിന് അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ വ്യക്തിഗത അഭിമുഖം നിർബന്ധമായിരിക്കും. മറ്റ് വിഭാഗങ്ങളിലെ അപേക്ഷകർക്ക് സാധാരണയായി അഭിമുഖം ആവശ്യമില്ലെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക