
വാഷിങ്ടൺ: അമേരിക്കയോടുള്ള ഇന്ത്യൻ ജനങ്ങളുടെ അനുകൂല സമീപനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധേയമായ ഇടിവുണ്ടായതായി അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയുമായി ബന്ധപ്പെട്ട നയങ്ങളും പ്രസ്താവനകളും ഈ മാറ്റത്തിന് പ്രധാന കാരണങ്ങളായെന്നാണ് വിലയിരുത്തൽ.
ഈ വർഷം നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ 45 ശതമാനം പേർ മാത്രമാണ് അമേരിക്കയെ അനുകൂലമായി കാണുന്നത്. കഴിഞ്ഞ വർഷം ഇത് 54 ശതമാനമായിരുന്നു. അതേസമയം, 31 ശതമാനം ഇന്ത്യക്കാർ അമേരിക്കയെ പ്രതികൂലമായാണ് വിലയിരുത്തിയിരിക്കുന്നത്.
ട്രംപ് നടപ്പാക്കിയ തീരുവ നയങ്ങൾക്കും ഇന്ത്യയിൽ കാര്യമായ പിന്തുണ ലഭിച്ചില്ല. ഇന്ത്യയ്ക്ക് 50 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ അമേരിക്കൻ സുപ്രീം കോടതി പിന്നീട് തടഞ്ഞിരുന്നു. ഈ നയത്തെ പിന്തുണച്ചത് വെറും 18 ശതമാനം ഇന്ത്യക്കാർ മാത്രമാണെന്ന് സർവേ വ്യക്തമാക്കുന്നു.
ലോകകാര്യങ്ങളിൽ ട്രംപ് ശരിയായ തീരുമാനങ്ങൾ എടുക്കുമെന്ന വിശ്വാസവും ഇന്ത്യയിൽ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം 52 ശതമാനം പേർ ട്രംപിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിൽ, ഈ വർഷം അത് 39 ശതമാനമായി കുറഞ്ഞു. അതേസമയം, 36 ശതമാനം പേർ ട്രംപിൽ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടു.
ലോകനേതാക്കളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വിശ്വാസം പ്രകടിപ്പിച്ചത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടാണ്. 51 ശതമാനം പേരാണ് പുടിനിൽ വിശ്വാസം രേഖപ്പെടുത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ 34 ശതമാനത്തിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ 33 ശതമാനത്തിനും വിശ്വാസമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിൽ 25 ശതമാനവും യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയിൽ 20 ശതമാനവും ഇന്ത്യക്കാർ വിശ്വാസം പ്രകടിപ്പിച്ചു.
അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന രാജ്യമാണെന്ന് 47 ശതമാനം ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. 30 ശതമാനം പേർ ഈ അഭിപ്രായത്തോട് യോജിച്ചില്ല.
ലോകത്തെ 36 രാജ്യങ്ങളിൽ നടത്തിയ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ അമേരിക്കയോടുള്ള സമീപനം ഇപ്പോഴും താരതമ്യേന അനുകൂലമാണെന്ന് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും ആഗോളതലത്തിൽ അമേരിക്കയോടുള്ള മതിപ്പ് കുറഞ്ഞുവരികയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 8 മുതൽ മേയ് 13 വരെ നടത്തിയ സർവേയിൽ പങ്കെടുത്ത 36 രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും അമേരിക്കയെ പ്രതികൂലമായാണ് വിലയിരുത്തിയത്. ശരാശരി 57 ശതമാനം പേർക്ക് അമേരിക്കയോട് പ്രതികൂല അഭിപ്രായമാണുള്ളത്. അമേരിക്കയെ അനുകൂലമായി കണ്ടവരുടെ ആഗോള ശരാശരി 37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 49 ശതമാനമായിരുന്നു.
ട്രംപിന്റെ വിവിധ വിദേശനയങ്ങളിലും ഇന്ത്യയിൽ പിന്തുണ കുറഞ്ഞ നിലയിലാണ്. കുടിയേറ്റ നയങ്ങൾക്ക് 32 ശതമാനവും ഇറാനുമായി ബന്ധപ്പെട്ട നയങ്ങൾക്ക് 28 ശതമാനവും യുക്രെയ്ൻ വിഷയത്തിൽ 26 ശതമാനവും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട നയങ്ങൾക്ക് 23 ശതമാനവും ഗാസ വിഷയത്തിൽ 18 ശതമാനവും വെനസ്വേലയുമായി ബന്ധപ്പെട്ട നയങ്ങൾക്ക് 17 ശതമാനവും മാത്രമാണ് പിന്തുണ ലഭിച്ചത്.
അമേരിക്കൻ സർക്കാർ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് 54 ശതമാനം ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു.
അതേസമയം, പാകിസ്താനിൽ ട്രംപിനോടും അമേരിക്കയോടും ശക്തമായ എതിർപ്പാണ് സർവേ രേഖപ്പെടുത്തുന്നത്. 82 ശതമാനം പാകിസ്താനികൾ ട്രംപിനെ പ്രതികൂലമായാണ് വിലയിരുത്തിയത്. അമേരിക്കയെ പ്രതികൂലമായി കാണുന്നവർ 81 ശതമാനമാണ്. അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് 76 ശതമാനം പാകിസ്താനികളും അഭിപ്രായപ്പെട്ടു.
ചൈനയോടുള്ള ആഗോള അനുകൂല സമീപനം വർധിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ചൈനയെ അനുകൂലമായി കാണുന്നവരുടെ ശരാശരി 38 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നു. അതേസമയം അമേരിക്കയോടുള്ള അനുകൂല നിലപാട് 48 ശതമാനത്തിൽ നിന്ന് 36 ശതമാനമായി കുറഞ്ഞു.
ഇന്ത്യയിൽ ചൈനയോടുള്ള അനുകൂല അഭിപ്രായത്തിലും നേരിയ വർധനയുണ്ട്. കഴിഞ്ഞ വർഷം 21 ശതമാനമായിരുന്നത് ഈ വർഷം 23 ശതമാനമായി ഉയർന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.