Image

ചരിത്ര നേട്ടം: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു

Published on 18 July, 2026
ചരിത്ര നേട്ടം: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ്   'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു

ഹൈദരാബാദ്: ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ്. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ദൗത്യമായ 'മിഷൻ ആഗമൻ' വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹാരാകാശ കേന്ദ്രത്തിൽ വെച്ച് 'വിക്രം-1' റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്. ഇന്ന്(ജൂലൈ 18) ഉച്ചയ്‌ക്ക് 12:06 ഓടെ ആണ് വിക്ഷേപിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് പുതുചരിത്രമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് റോക്കറ്റ് അയയ്‌ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി സ്‌കൈറൂട്ട് മാറിയിരിക്കുകയാണ്.

350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് വിക്രം-1 റോക്കറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏഴ് നില കെട്ടിടത്തിന്‍റെ ഉയരമുള്ള മൾട്ടി-സ്റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് വിക്രം-1. 22 മീറ്റർ ഉയരമുള്ള വിക്രം-1 റോക്കറ്റ് പൂർണ്ണമായും സ്കൈറൂട്ട് എയറോസ്പേസ് ആണ് രൂപകൽപന ചെയ്‌ത്‌ വികസിപ്പിച്ചത്.

പൂർണ്ണമായും കാർബൺ സംയുക്ത ഘടനയോടെ നിർമ്മിച്ചതും 3D-പ്രിന്‍റഡ് എഞ്ചിനുകളും ഉയർന്ന-ത്രസ്റ്റ് സോളിഡ്-ഫ്യുവൽ റോക്കറ്റ് ബൂസ്റ്ററുകളും ഉൾപ്പെടെ സ്വന്തമായി വികസിപ്പിച്ച പ്രൊപ്പൽഷൻ സിസ്റ്റങ്ങളാൽ പ്രവർത്തിക്കുന്നതുമാണ് ഇത്. കന്നി ദൗത്യം 60 ഡിഗ്രി പരിക്രമണ ചരിവുള്ള 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തെ ലക്ഷ്യം വയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക